വീടിന്റെ അടുക്കള വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കയറി മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം; ഭാര്യയുടെ മുന്നിലിട്ട് ഗൃഹനാഥന്‍റെ ഇരുകാലുകളും വെട്ടിപ്പരിക്കേൽപിച്ചു; കേസിലെ രണ്ടാം പ്രതിയും പിടിയിൽ; ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Update: 2025-12-25 09:56 GMT

തിരുവനന്തപുരം: കല്ലമ്പലത്ത് ഭാര്യയുടെ മുന്നിലിട്ട് ഗൃഹനാഥനെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. ഞെക്കാട് വലിയവിള സ്വദേശി സതീഷ്‌ ശ്രാവണിനെയാണ് കല്ലമ്പലം പോലീസ് പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെയും ഇയാളെ ഒളിവിൽ പാർക്കാൻ സഹായിച്ച കൂട്ടാളിയെയും ബെംഗളൂരുവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഏഴാം തീയതി രാത്രി 11 മണിയോടെയാണ് ഒറ്റൂർ മാവേലിക്കോണം കാർത്തികയിൽ പ്രജീഷിന് (39) നേരെ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ആക്രമണം നടത്തിയത്. വീടിന്റെ ജനലുകൾ തകർക്കുകയും അടുക്കള വാതിൽ വെട്ടിപ്പൊളിക്കുകയും ചെയ്ത് അതിക്രമിച്ചു കയറിയ അക്രമികൾ കൈയിൽ കരുതിയിരുന്ന ആയുധമുപയോഗിച്ച് പ്രജീഷിന്റെ ഇരുകാലുകളിലും കൈയ്ക്കും ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ കാണപ്പെട്ട പ്രജീഷിനെ പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രമണത്തിന് ശേഷം അക്രമികൾ കാറിൽ കയറി രക്ഷപ്പെട്ടു.

രണ്ടാം പ്രതിയായ സതീഷ്‌ ശ്രാവൺ കിളിമാനൂരിൽ ഒളിവിൽ കഴിയുന്നതറിഞ്ഞ് കല്ലമ്പലം പോലീസ് നടത്തിയ സാഹസികമായ നീക്കത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ വർഷം തോക്കുമായി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും അറസ്റ്റിലായിട്ടുണ്ട്. 2019 ലും 2021 ലും ഇയാൾക്കെതിരെ കാപ്പ ചുമത്തിയിട്ടുമുണ്ട്. അറസ്റ്റിലായ സതീഷ് ശ്രാവണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഒളിവിലുള്ള മറ്റ് രണ്ട് പ്രതികളെക്കൂടി പിടികൂടാനുള്ളതിനാൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

Tags:    

Similar News