മോഷ്ടിക്കാനായി രാത്രി ക്ഷേത്രത്തിനുള്ളില്‍ കയറി; ആഭരണങ്ങളടക്കം കവര്‍ന്നു; മദ്യലഹരിയില്‍ ഉറങ്ങിപ്പോയി; നാട്ടുകാരും പൂജാരിയും ചേര്‍ന്ന് കള്ളനെ പിടികൂടി പൊലീസിന് കൈമാറി

മോഷ്ടിക്കാന്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയ കള്ളന്‍ ഉറങ്ങിപ്പോയി

Update: 2025-07-17 10:48 GMT

റാഞ്ചി: ക്ഷേത്രത്തിനുള്ളില്‍ മോഷ്ടിക്കാന്‍ കയറി അബദ്ധത്തില്‍ ഉറങ്ങിപ്പോയ കള്ളനെ നാട്ടുകാരും പൂജാരിയും ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി. വെസ്റ്റ് സിംഗ്ഭുമിലെ മാര്‍ക്കറ്റ് ഏരിയയിലെ കാളി ക്ഷേത്രത്തിലാണ് സംഭവം. മോഷ്ടിക്കാനായി കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിനുള്ളില്‍ അതിക്രമിച്ച് കയറിയ വീര്‍ നായക് മദ്യലഹരിയില്‍ ഉറങ്ങിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ പൊലീസ് സ്ഥലത്തെത്തിയാണ് കള്ളനെ വിളിച്ചുണര്‍ത്തിയത്. മോഷ്ടിച്ച വസ്തുക്കളും കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിന്റെ പിന്‍വാതില്‍ തകര്‍ത്താണ് വീര്‍ നായക് അകത്തുകടന്നത്. ക്ഷേത്രത്തിലെ സ്വര്‍ണം, വെള്ളി ആഭരണങ്ങളും ദേവിയുടെ കിരീടവും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും ഇയാള്‍ കൈക്കലാക്കിയിരുന്നു.

പക്ഷേ, ഈ വസ്തുക്കളുമായി പുറത്തുകടക്കുന്നതിന് പകരം വീര്‍ നായക് ക്ഷേത്രത്തിനുള്ളില്‍ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു.രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കള്ളനെ ആദ്യം കണ്ടത്. വിഗ്രഹത്തിന് സമീപം കിടന്നുറങ്ങുന്നയാളെ കണ്ട് ആദ്യം ഭയന്നെങ്കിലും മോഷണ ശ്രമമായിരുന്നുവെന്ന് മനസിലായി. അദ്ദേഹം ഉടന്‍തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സ്റ്റേഷന്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ബലേശ്വര്‍ ഒറാവോണ്‍ പറഞ്ഞത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.ദൈവത്തിന്റെ ശക്തി കാരണമാണ് പ്രതിക്ക് രക്ഷപ്പെടാനാകാത്തത് എന്നാണ് പ്രദേശവാസികളും ഭക്തരും പറയുന്നത്. ഇത് അസാധാരണമായ സംഭവമാണെന്ന് പൂജാരിയും പറഞ്ഞു.

Tags:    

Similar News