പേട്ടതുള്ളി...തുള്ളി അടുത്തെത്തി; പരിസരം വീക്ഷിച്ചു; തക്കം നോക്കി അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി കവർച്ച; പതിനാലായിരത്തോളം രൂപ അടിച്ചുമാറ്റി കടന്നുകളഞ്ഞു; കള്ളന്മാരെ കൈയ്യോടെ പൊക്കി പോലീസ്

Update: 2024-12-04 17:00 GMT

എരുമേലി: ഇപ്പോൾ ക്ഷേത്രങ്ങളിൽ ഉത്സവ കാലഘട്ടമാണ് കൂട്ടത്തോടെ പോകുമ്പോൾ പോക്കറ്റടി ശല്യം വർധിക്കുന്ന സമയം കൂടിയാണ്‌ ഇത്. പ്രത്യേകിച്ച് ശബരിമലയിൽ അതീവ ജാഗ്രത വേണം പുലർത്താൻ അവിടെ ഇതുപോലത്തെ വിരുതന്മാർ നിരവധി കാണും. അതുപോലെയൊരു കവർച്ചയാണ് ശബരിമല വഴിമദ്ധ്യ നടന്നിരിക്കുന്നത്.

എരുമേലിയില്‍ വെച്ച് അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി പണം മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പോലീസ് പിടികൂടി. തമിഴ്‌നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45), കുമളി സ്വദേശിയായ ഭഗവതി (53), തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ മുരുകന്‍ (58) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വെളുപ്പിന് എരുമേലിയിലെ കൊച്ചമ്പലത്തില്‍ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളല്‍ നടത്തുന്ന സമയം ഇവര്‍ ഇതരസംസ്ഥാനക്കാരനായ അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി പതിനാലായിരത്തോളം രൂപ മോഷ്ടിച്ച് മുങ്ങുകയായിരിന്നു.

പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാക്കളെ തിരിച്ചറിയുകയും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും, എരുമേലി പോലീസും നടത്തിയ തിരിച്ചിലില്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പി എം. അനില്‍കുമാര്‍, എരുമേലി സ്റ്റേഷന്‍ എസ്.എച്ച്.ഒ ബിജു ഇ.ഡി, എസ്.ഐ മാരായ രാജേഷ് ടി.ജി, അബ്ദുള്‍ അസീസ്, സി.പി.ഓ മാരായ വിനീത്, അനീഷ് കെ.എന്‍, അന്‍സു പി.എസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News