സമൂഹ മാധ്യമങ്ങളിലെ പരസ്യത്തിലൂടെ വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കെണിയില്‍ വീണത് നാല്‍പ്പതോളം പേര്‍: ട്രാവല്‍ ഏജന്‍സി ഉടമകള്‍ അറസ്റ്റില്‍

വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ട്രാവല്‍ ഏജന്‍സി ഉടമകള്‍ അറസ്റ്റില്‍

Update: 2024-10-02 00:20 GMT

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ടാവല്‍ ഏജന്‍സി ഉടമകള്‍ പൊലീസ് പിടിയില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ കബളിപ്പിച്ച പണം തട്ടിയ കേസില്‍ ശാസ്തമംഗലം ബ്രൂക്ക്പോര്‍ട്ട് ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് എംഡി ഡോള്‍ഫി ജോസഫൈന്‍, മകന്‍ രോഹിത് സജു എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 21 പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡോള്‍ഫിയുടെ ഭര്‍ത്താവും കേസില്‍ പ്രതിയുമായ സജു സൈമണ്‍ ഒളിവിലാണ്. കാനഡ, യുഎസ്എ, യുകെ എന്നിവിടങ്ങളില്‍ തൊഴില്‍ വീസ വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണു പരാതി. നാല്‍പതോളം പേര്‍ക്ക് ഇവരുടെ തൊഴില്‍ തട്ടിപ്പല്‍ പണം നഷ്ടമായതായി മ്യൂസിയം പൊലീസ് അറിയിച്ചു. ആറു പേര്‍ നല്‍കിയ പരാതിയില്‍ 3 കേസുകളാണ് മ്യൂസിയം സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്കു 7 മുതല്‍ 10 ലക്ഷം രൂപ വരെ നഷ്ടമായി.

വിവിധ രാജ്യങ്ങളില്‍ 2 മുതല്‍ 4 ലക്ഷം രൂപവരെ ശമ്പളം വാഗ്ദാനം ചെയ്തു സമൂഹമാധ്യമങ്ങള്‍ വഴി ഇവര്‍ പരസ്യം നല്‍കുകയും 2 മുതല്‍ 8 ലക്ഷം രൂപവരെ വാങ്ങിയെന്നുമാണ് പരാതി. പറഞ്ഞ സമയം കഴിഞ്ഞും വീസ ലഭിച്ചില്ല. പണം മടക്കിനല്‍കാനും സ്ഥാപനം തയാറായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതോടെ ഉടമകള്‍ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. തിരുവനന്തപുരം, കോട്ടയം, കൊച്ചി, വയനാട് സ്വദേശികളാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും.

Tags:    

Similar News