നിന്നെ കണ്ടാൽ അറിയാം നീ..'ചൈനീസ്' തന്നെ; അയ്യോ..ഇല്ല ഞങ്ങൾ ഇന്ത്യക്കാരാണ്; അതിന് എന്തെങ്കിലും പ്രൂഫ് ഉണ്ടോ ?; ആൾക്കൂട്ടത്തിനിടയിൽ ജീവന് വേണ്ടി കേഴുന്ന ഒരു വിദ്യാർത്ഥി; മുഷ്ടിചുരുട്ടിയുള്ള ആദ്യ ഇടിയിൽ തന്നെ പാതി ബോധം പോയി; പെട്ടെന്ന് കഴുത്ത് നോക്കി ആഞ്ഞുവെട്ടി മറ്റൊരാൾ; പിന്നാലെ മരണത്തോട് മല്ലിട്ട കിടന്ന നാളുകൾ; ക്രിസ്മസിന്റെ പിറ്റേ ദിവസം സംഭവിച്ചത്; ത്രിപുരയില്‍ ആളിക്കത്തി പ്രതിഷേധം

Update: 2025-12-29 07:36 GMT

ഡെറാഡൂൺ: ഡെറാഡൂണിൽ വംശീയാധിക്ഷേപത്തെ തുടർന്നുണ്ടായ ക്രൂരമായ മർദനത്തിൽ ത്രിപുര സ്വദേശിയായ വിദ്യാർഥി എയ്ഞ്ചൽ ചക്മ (24) മരിച്ചു. താൻ ഇന്ത്യക്കാരനാണെന്ന് കേണപേക്ഷിച്ചിട്ടും 'ചൈനീസ്' എന്ന് വിളിച്ച് ആറംഗ സംഘം നടത്തിയ ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ എയ്ഞ്ചൽ 17 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ക്രിസ്മസിൻ്റെ പിറ്റേ ദിവസമാണ് മരണപ്പെട്ടത്. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഡെറാഡൂണിലെ ഒരു സ്വകാര്യ സർവകലാശാലയിൽ എംബിഎ അവസാന വർഷ വിദ്യാർഥിയായിരുന്നു എയ്ഞ്ചൽ. മണിപ്പൂരിൽ ബിഎസ്എഫ് ജവാനായ തരുൺ ചക്മയുടെ മകനാണ് ഇദ്ദേഹം. എയ്ഞ്ചലിനും സഹോദരൻ മൈക്കിളിനും നേരെയാണ് മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച മൈക്കിളിനും പരിക്കേറ്റിട്ടുണ്ട്. മൈക്കിൾ ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തിൽ ആദ്യഘട്ടത്തിൽ കേസെടുക്കാൻ പോലീസ് വിസമ്മതിച്ചതായി എയ്ഞ്ചലിൻ്റെ പിതാവ് ആരോപിച്ചു. ഓൾ ഇന്ത്യ ചക്മ സ്റ്റുഡൻ്റ് യൂണിയനും മുതിർന്ന ഉദ്യോഗസ്ഥരും ശക്തമായ സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിക്കാൻ തയ്യാറായത്.

എയ്ഞ്ചൽ മരിച്ചതിന് ശേഷമാണ് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. കേസിൽ ഇതുവരെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ ജുവനൈൽ ഹോമിലേക്ക് മാറ്റി. നേപ്പാൾ സ്വദേശിയായ ഒരു പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ലെന്നും ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

എയ്ഞ്ചലിൻ്റെ മൃതദേഹം ത്രിപുരയിൽ എത്തിച്ചപ്പോൾ വലിയ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. രാജ്യത്ത് വർധിച്ചുവരുന്ന വംശീയ വിവേചനങ്ങൾക്കെതിരെയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്. ഈ സംഭവം രാജ്യത്തെ വംശീയ വിവേചനത്തിൻ്റെ ഗൗരവതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരകൾക്ക് നീതി ഉറപ്പാക്കേണ്ടതിൻ്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ചും വീണ്ടും ഓർമ്മിപ്പിക്കുന്നു.

Tags:    

Similar News