അമേരിക്കയില്‍ താമസിക്കുന്ന ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ ഉപയോഗിച്ച് തട്ടിപ്പിന് ആസൂത്രണം; ഡോറയുടെ വളര്‍ത്തുമകളാണ് താനെന്ന് വരുത്തിത്തീര്‍ത്ത് മെറിന്റെ തന്ത്രങ്ങള്‍; വ്യാജരേഖകളുണ്ടാക്കി യുവതിയും സംഘവും തട്ടിയെടുത്ത് വിറ്റത് ഒന്നര കോടിയുടെ വീടും വസ്തുവും; മെറിന്‍ ജേക്കബ് ഒരു ചെറിയപുള്ളിയല്ല!
അമേരിക്കയില്‍ താമസിക്കുന്ന ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ ഉപയോഗിച്ച് തട്ടിപ്പിന് ആസൂത്രണം
തിരുവനന്തപുരം: തട്ടിപ്പുകള്‍ പലവിധത്തില്‍ നടക്കുന്ന നാടായി കേരളം മാറിക്കഴിഞ്ഞു. വിദേശത്ത് ജോലിക്കായി പോയാല്‍ നാട്ടിലെ വീടും സ്ഥലവും തട്ടിയെടുക്കുന്ന തട്ടിപ്പുകള്‍ വരെ കേരളത്തില്‍ അരങ്ങേറുന്നു. അമേരിക്കയിലുള്ള മലയാളിയുടെ വീടും സ്ഥലവും തട്ടിയെടുത്ത സംഭവം കേരളത്തെ ശരിക്കും ഞെട്ടിക്കുന്നതാണ്. വ്യാജരേഖ ചമച്ച് ഒന്നര കോടി രൂപയുടെ വസ്തു വഹകള്‍ തട്ടിയെടുത്തത് ഒരു യുവതിയും സംഘവും ചേര്‍ന്നാണ്.
ഒന്നര കോടിയോളം വിലവരുന്ന ശാസ്തമംഗലം ജവഹര്‍ നഗറിലെ വീടും വസ്തുവും വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. പുനലൂര്‍ അയലമണ്‍ ചണ്ണപ്പേട്ട മണക്കാട് കോടാലിപച്ച ഓയില്‍ ഫാം പഴയ ഫാക്ടറിക്ക് സമീപം പുതുപ്പറമ്പില്‍ വീട്ടില്‍ മെറിന്‍ ജേക്കബ് (27), വട്ടപ്പാറ മരുതൂര്‍ ചീനിവിള പാലയ്ക്കാട് വീട്ടില്‍ വസന്ത (75) എന്നിവരാണ് അറസ്റ്റിലായത്.
ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവുമാണ് പ്രതികള്‍ കൈക്കലാക്കിയത്. ഡോറ അമേരിക്കയിലുള്ളപ്പോഴായിരുന്നു സംഭവം. ഡോറയ്ക്ക് പകരം അതേ സാദൃശ്യത്തിലുള്ള വസന്തയെ മുന്നില്‍ നിറുത്തിയായിരുന്നു കഴിഞ്ഞ ജനുവരിയില്‍ വീടും സ്ഥലവും കൈക്കലാക്കിയത്. ഡോറയുടെ വളര്‍ത്തുമകളാണ് മെറിനെന്ന് വരുത്തിത്തീര്‍ത്ത് വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ് എന്നിവയുണ്ടാക്കി സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ആ മാസം തന്നെ ചന്ദ്രസേനന്‍ എന്നയാള്‍ക്ക് വിലയാധാരമായി എഴുതിക്കൊടുക്കുകയും ചെയ്തു. അതേസമയം വീടും സ്ഥലവും മറ്റൊരാളിന്റെ പേരിലായെന്നറിഞ്ഞ് വീട് സൂക്ഷിപ്പുകാരനാണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രജിസ്റ്റര്‍ ഓഫീസില്‍ നല്‍കിയ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി.അതിലുണ്ടായിരുന്ന ഫിംഗര്‍ പ്രിന്റുകള്‍ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു.കേസില്‍ കൂടുതല്‍ അറസ്റ്റ് വൈകാതെയുണ്ടാകും. തട്ടിപ്പില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. .
വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ് എന്നിവ പോലീസ് കണ്ടെത്തി. രജിസ്ട്രാര്‍ ഓഫീസിലെ രേഖകളിലെ വിരലടയാളം പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. എ.സി.പി സ്റ്റുവെര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ സി.ഐ വിമല്‍, എസ്.ഐമാരായ വിപിന്‍,ബാലസുബ്രഹ്‌മണ്യന്‍,സി.പി.ഒമാരായ ഉദയന്‍,രഞ്ജിത്,ഷിനി,ഷംല,അരുണ്‍,അനൂപ്,സാജന്‍,പത്മരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.