കല്‍പ്പറ്റയിലെ ഗോകുലിന്റെ മരണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍; ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാക്കുറവെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി; മിസ്സിംഗ് കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്തുവിടണമെന്ന ആവശ്യവുമായി സമൂഹ്യപ്രവര്‍ത്തക

കല്‍പ്പറ്റയിലെ ഗോകുലിന്റെ മരണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Update: 2025-04-05 14:58 GMT

കല്‍പ്പറ്റ: വയനാട്ടിലെ കല്‍പ്പറ്റ പോലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ ആദിവാസി യുവാവ് ആത്മഹത്യചെയ്ത സംഭവത്തിലെ വീഴ്ച്ചയുടെ പേരില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി. രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ജിഡി ചാര്‍ജുണ്ടായിരുന്ന എഎസ്ഐ ദീപ, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവര്‍ക്കെതിരേയാണ് നടപടി എടുത്തത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകംതന്നെ കണ്ണൂര്‍ റേഞ്ച് ഐജിക്ക് വയനാട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി വീട്ടില്‍ ഗോകുല്‍ ആണ് കഴിഞ്ഞദിവസം രാവിലെ കല്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. പോലീസ് കസ്റ്റഡിയിലായിരുന്ന ഗോകുല്‍ 7.45-ഓടെ ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ടെന്നും എട്ടുമണിയായിട്ടും യുവാവ് പുറത്തുവരാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് ധരിച്ചിരുന്ന ഫുള്‍കൈ ഷര്‍ട്ട് ഊരി ശൗചാലയത്തിലെ ഷവറില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നുമാണ് പോലീസ് പറയുന്നത്. ഉടന്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഗോകുല്‍, ശുചിമുറിയിലേക്ക് പോയ ശേഷം മടങ്ങിയെത്താന്‍ വൈകിയപ്പോള്‍, അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ല എന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗോകുലിന്റെ ആത്മഹത്യ, ഇപ്പോള്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കസ്റ്റഡി മരണം ആയതിനാല്‍ മജിസ്റ്റീരിയല്‍ അന്വേഷണവും നടക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ഗോകുലിനെയും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍നിന്ന് കാണാതായിരുന്നു. ഈ കേസിലാണ് ഗോകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. തിങ്കളാഴ്ച ഇരുവരെയും കോഴിക്കോട് ബീച്ചില്‍വെച്ച് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് വനിതാ സെല്ലില്‍ ഹാജരാക്കിയ ഇരുവരെയും പിന്നീട് കല്‍പ്പറ്റ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാരെ വിവരമറിയിക്കുകയും രേഖകളുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും പെണ്‍കുട്ടിയെ സഖി സെന്ററിലും ഗോകുലിനെ കസ്റ്റഡിയിലും വെച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം.

ഗോകുലിനെ ഒരുകേസിലും പ്രതിചേര്‍ത്തിട്ടില്ലെന്നും പോക്‌സോ ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനാണ് കസ്റ്റഡിയില്‍ വെച്ചതെന്നും രണ്ടുവീട്ടുകാരെയും വിവരമറിയിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു. അതേസമയം ഗോകുലിന്റെ മരണത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത് വിടണമെന്ന് സാമൂഹിക പ്രവര്‍ത്തക അമ്മിണി കെ. വയനാട് ആവശ്യപ്പെട്ടു. കോഴിക്കോട് ബീച്ചില്‍ നിന്ന് വനിതാ സെല്ല് പൊലീസ് കണ്ടെത്തിയത് മുതല്‍ രാത്രി കല്‍പറ്റ സ്റ്റേഷനില്‍ എത്തിച്ച സമയം വരെ എന്താണ് സംഭവിച്ചത് ഇത് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് പറയാന്‍ പെണ്‍കുട്ടിയെ അനുവദിക്കണമെന്ന് അവര്‍ ഫേസ് ബുക്കില്‍ ആവശ്യപ്പെട്ടു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

അമ്പവയല്‍ പോലീസ് സ്റ്റേഷനില്‍ മിസിംങ്ങ് കേസ് ഗോകുലിന്റെ ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി പ്രായ പൂത്തിയാകത്തത് എന്ന് കല്‍പ്പറ്റ പോലീസ് കണ്ടെത്തിയത് രേഖകള്‍ പരിശോധിക്കാതെ ആണ് . ആധാര്‍ കാര്‍ഡില്‍ 2007 ഉം സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റ് 2006 ഒക്ടോബര്‍ മാസം ആണ് ജനിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്.

അപ്പോള്‍ ഗോകുലിന്റെ പ്രായം നോക്കുമ്പോള്‍ പ്രായപൂര്‍ത്തിയാട്ടില്ല. സ്റ്റേഷനിലുകളില്‍ എത്തുന്ന കേസുകള്‍ രേഖകള്‍ പരിശോധിക്കാനും മനുഷ്യരോട് പെരുമാറേണ്ട രീതികള്‍ എങ്ങനെ എന്ന് സര്‍ക്കാര്‍ പരിശീലനം നല്‍കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം.

ഈ പെണ്‍ക്കുട്ടിയുടെ മൊഴി പുറത്ത് വിടണം. കോഴിക്കോട് ബീച്ചില്‍ നിന്ന് വനിതാ സെല്ല് പൊലീസ് കണ്ടെത്തിയത് മുതല്‍ രാത്രി കല്‍പറ്റ സ്റ്റേഷനില്‍ എത്തിച്ച സമയം വരെ എന്താണ് സംഭവിച്ചത് ഇത് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് പറയാന്‍ പെണ്‍കുട്ടിയെ അനുവദിക്കണം. അവള്‍ക്ക് കൊടുക്കാന്‍ അവസാനമായി അവന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചതായിരിക്കും പാദസരം.

കല്‍പറ്റ സ്റ്റേഷനില്‍ നിരീക്ഷണത്തില്‍ വെച്ച മനസാക്ഷി മരവിച്ച ഉദ്യോഗസ്ഥര്‍ നിങ്ങള്‍ക്ക് അംഗന്‍വാടി കുട്ടിക്കുള്ള വിവരം പോലുമില്ലെന്ന് ഞാന്‍ കരുതുന്നു. ---ഓരോ വിവരങ്ങള്‍ ഗോകുലിന്റെ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ വിളിച്ച് പറയുമ്പോള്‍ ഹൃദയ വേദനയോട് അല്ലാതെ കേള്‍ക്കാന്‍ പറ്റുന്നില്ല.

Tags:    

Similar News