ഭർത്താവ് മരിച്ചതോടെ മറ്റൊരു ആളുമായി അടുപ്പം തുടങ്ങി; നേരിൽ കണ്ടും സംസാരിച്ചും കാമുകനുമായി പ്രണയം; സത്യമെല്ലാം അറിഞ്ഞ മകൻ അമ്മയെ ഉപദേശിക്കാൻ നോക്കി; എന്നിട്ടും ബന്ധം തുടർന്നു; ഒടുവിൽ കലി കയറി അത്താഴം കഴിക്കാനെന്ന വ്യാജേന മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്ത്രീ ചെയ്തത്; നടുക്കം മാറാതെ നാട്ടുകാർ

Update: 2025-10-31 07:04 GMT

കാൺപൂർ: കാമുകനോടൊപ്പം ജീവിക്കാനായി സ്വന്തം മകനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയടക്കം മൂന്നുപേർ അറസ്റ്റിൽ. ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഉത്തർപ്രദേശിലെ കാൺപൂരിലെ അംഗദ്‌പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

സംഭവത്തിൽ കൊല്ലപ്പെട്ട പ്രദീപ് സിംഗ് (25) എന്ന യുവാവിൻ്റെ അമ്മ മംമ്ത സിംഗ്, കാമുകൻ മായങ്ക് കത്യാർ, സഹോദരൻ ഋഷി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ പ്രതികളെ പൊലീസ് വലയിലാക്കുകയായിരുന്നു.

മംമ്തയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ഇതിനുശേഷം ഇവർ മായങ്ക് കത്യാറുമായി അടുപ്പത്തിലായി. എന്നാൽ, അമ്മയുടെ ഈ ബന്ധത്തെ മകൻ പ്രദീപ് എതിർത്തിരുന്നു. ഇത് അമ്മയും മകനും തമ്മിൽ വലിയ തോതിലുള്ള മാനസിക അകൽച്ചയ്ക്ക് കാരണമായി. ഇതിനിടെയാണ്, മകൻ്റെ പേരിൽ വിവിധ ഇൻഷുറൻസ് പദ്ധതികളിലായി മൊത്തം ഒരു കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ മംമ്ത നേടിയെടുത്തത്.

കൊലപാതകം ആസൂത്രിതമായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഒരു ദിവസം രാത്രി, അത്താഴം കഴിക്കാനെന്ന വ്യാജേന മംമ്ത പ്രദീപിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിൽ അത്താഴം കഴിച്ച ശേഷം തന്റെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന പ്രദീപിനെ, കാമുകൻ മായങ്ക് കത്യാരും സഹോദരൻ ഋഷിയും ചേർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന്, ഇത് ഒരു അപകടമരണമായി ചിത്രീകരിക്കാനുള്ള ശ്രമത്തിൽ മൃതദേഹം ദേശീയപാതയ്ക്ക് സമീപം ഉപേക്ഷിച്ചു.

സംഭവം നടന്നയുടൻ പൊലീസ് പ്രാഥമിക അന്വേഷണത്തിൽ ഇത് അപകടമരണമാണെന്ന് സംശയിച്ചിരുന്നു. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. പ്രദീപിൻ്റെ തലയുടെ പിൻഭാഗത്ത് ഒന്നിലേറെ തവണ അടിക്കേറ്റതിൻ്റെ പരിക്കുകൾ കണ്ടെത്തിയതാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, മംമ്തയും മായങ്കുമായുള്ള രഹസ്യബന്ധവും പ്രദീപ് ഇതിനെ എതിർത്തിരുന്നതും പൊലീസിന് ബോധ്യമായി. കൂടാതെ, പ്രദീപിൻ്റെ പേരിൽ ഉയർന്ന തുകയുടെ ഇൻഷുറൻസ് നേടിയെടുത്തതും പ്രതികളിലേക്കുള്ള സംശയത്തിൻ്റെ വിരൽ ചൂണ്ടി. പ്രതികളുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചതിൽ, സംഭവം നടന്ന സമയത്ത് മായങ്കും മംമ്തയും ഒരേ സ്ഥലത്തായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

ഇതിനെത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അമ്മ മംമ്തയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും, ഇൻഷുറൻസ് തുക തട്ടിയെടുത്ത് കാമുകനോടൊപ്പം ജീവിക്കാനായിരുന്നു അവരുടെ ലക്ഷ്യമെന്നും മായങ്ക് കത്യാർ പൊലീസിന് മൊഴി നൽകി. കേസിൽ, സഹോദരൻ ഋഷിയെ പൊലീസ് ഏറ്റുമുട്ടലിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇയാൾക്ക് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കൊലപാതകത്തിനായി ഉപയോഗിച്ച ചുറ്റിക, നാടൻ തോക്ക്, മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതിയായ മംമ്തയെ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും പൊലീസ് സാഹസികമായാണ് പിടികൂടിയത്. പണത്തിനുവേണ്ടി സ്വന്തം മകനെ ഇത്ര ക്രൂരമായി കൊലപ്പെടുത്തുമെന്ന് കരുതിയില്ലെന്ന് കൊല്ലപ്പെട്ട പ്രദീപിൻ്റെ മുത്തച്ഛൻ ജഗദീഷ് നാരായണൻ പ്രതികരിച്ചു. 

Tags:    

Similar News