ട്രംപിനെ വധിക്കാനും സര്‍ക്കാരിനെ അട്ടിമറിക്കാനും പണം വേണം; അമ്മയെയും രണ്ടാനച്ഛനെയും കൊലപ്പെടുത്തി പതിനേഴുകാരന്‍; പ്രതിയെ പിടികൂടിയത് യുക്രൈനിലേക്ക് കടക്കാന്‍ ശ്രമിക്കവേ; ഡ്രോണുകളും സ്ഫോടകവസ്തുക്കളും വാങ്ങാന്‍ ശ്രമിച്ചിരുന്നതായി കണ്ടെത്തല്‍

Update: 2025-04-14 10:31 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടതിന് വേണ്ടി പണം കണ്ടെത്തുന്നതിനായി അമ്മയെയും രണ്ടാനച്ഛനെയും വെടിവെച്ച് കൊലപ്പെടുത്തിയ പതിനേഴുകാരന്‍ നികിത കാസപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. ടെററിസം ഉള്‍പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ടാറ്റിയാന കാസപ്പ് (35)യും രണ്ടാനച്ഛന്‍ ഡൊണാള്‍ഡ് മേയര്‍ (51)യുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

വിസ്‌കോണ്‍സിനില്‍ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കൊലപാതകം നടന്നത്. വെടിവെച്ചതിനു ശേഷം പ്രതി അമ്മയുടെ വീട്ടില്‍ തന്നെ ആഴ്ചകളോളം താമസിച്ചു. പിന്നീട് 14,000 ഡോളറും പാസ്‌പോര്‍ട്ടും നായയും കൂട്ടിക്കൊണ്ട് രക്ഷപ്പെട്ട പ്രതിയെ പിന്നീട് കാന്‍സാസില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. രണ്ടാഴ്ചയിലധികമായി ഇരുവരെയും കാണാതിരുന്നത് പരിസരവാസികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസിന് നല്‍കിയ വിവരമനുസരിച്ചാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് വീട്ടില്‍ പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്.

നികിത വിദേശ ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഒരാളുമായി ഇയാള്‍ നിരന്തരം ആശയവിനിമയം നടത്തി. ട്രംപിനെ വധിക്കാനും അമേരിക്കന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുമായി ഇയാള്‍ ആസൂത്രണം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡ്രോണുകളും സ്ഫോടകവസ്തുക്കളും വാങ്ങാന്‍ ഇയാള്‍ ശ്രമിച്ചിരുന്നുവെന്ന് പോലീസിന്റെ കണ്ടെത്തലില്‍ പറയുന്നു. പ്രതിയുടെ ടെലിഗ്രാമിലും ടിക് ടോകിലും നടത്തിയ സന്ദേശങ്ങള്‍ ഈ പദ്ധതികള്‍ക്കുള്ള തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് ശേഷം കാസപ്പ് യുക്രൈനിലേക്കു ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അതിനുമുമ്പേ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പല ഗൗരവമേറിയ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. പ്രതിരോധ മേഖലയിലും ആഭ്യന്തര സുരക്ഷയിലും വലിയ സൃഷ്ടിച്ച കോളിളക്കം സംഭവമാണിത്. ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കോടതിയില്‍ കേസിന്റെ തുടര്‍നടപടികള്‍ ആരംഭിച്ചു.

Tags:    

Similar News