'പ്രഷര്‍ കുക്കര്‍ ബോംബുണ്ടാക്കാന്‍ പഠിച്ചു; ഐഎസ് തീവ്രവാദികള്‍ ജനങ്ങളെ കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്ഥിരമായി കാണിച്ചു; ഷാള്‍ ഉപയോഗിച്ച് മുഖം മറച്ചശേഷം തീവ്രവാദ ആശയങ്ങള്‍ പഠിപ്പിക്കുന്നതിന്റെ ചിത്രമെടുത്ത് മറ്റാര്‍ക്കോ അയച്ചു'; ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ച കേസില്‍ കുട്ടിയുടെ മൊഴി നടുക്കുന്നത്; മൊഴി വിശദമായി പരിശോധിച്ച് തീവ്രവാദവിരുദ്ധ സെല്‍
'പ്രഷര്‍ കുക്കര്‍ ബോംബുണ്ടാക്കാന്‍ പഠിച്ചു; ഐഎസ് തീവ്രവാദികള്‍ ജനങ്ങളെ കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്ഥിരമായി കാണിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞറാമൂടിലെ ഐഎസ് കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസില്‍ കുട്ടിയുടെ മൊഴിയാണ് നടക്കുന്നത്. ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ച അമ്മയുടെ സുഹൃത്ത് ക്രൂരവീഡിയോ ദൃശ്യം കാണിച്ചിരുന്നെന്ന് പതിനാറുകാരന്റെ മൊഴയുടെ വിവരങ്ങളാണ് നടക്കുന്നത്. ഐഎസിന്റെ ആശയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി തീവ്രശ്രമങ്ങളാണ് ഇയാള്‍ നടത്തിയത് എന്നാണ് വിവരം.
ഐഎസിന്റെ ഉദ്ഭവത്തെക്കുറിച്ച് ഉള്‍പ്പെടെ പറഞ്ഞുകൊടുത്തിരുന്ന ഇയാള്‍ ഐഎസ് തീവ്രവാദികള്‍ ജനങ്ങളെ കൊല്ലുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ സ്ഥിരമായി കാണിച്ചിരുന്നതായാണ് കുട്ടി വെഞ്ഞാറമൂട് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. പ്രഷര്‍ കുക്കര്‍ ബോംബുണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിച്ചെന്നും മൊഴിയിലുണ്ട്.
ഷാള്‍ ഉപയോഗിച്ച് മുഖം മറച്ചശേഷം യുവതിയെയും മകനെയും തീവ്രവാദ ആശയങ്ങള്‍ പഠിപ്പിക്കുന്നതിന്റെ ചിത്രമെടുത്ത് അയാള്‍ മറ്റാര്‍ക്കോ അയച്ചിരുന്നതായും കുട്ടി മൊഴിനല്‍കി. യുവതിയുടെ ഭര്‍ത്താവും സുഹൃത്തും തമ്മില്‍ വഴക്കുണ്ടാവുകയും പോലീസില്‍ പരാതിനല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പോലീസെത്തി അമ്മയെയും യുവാവിനെയും ചോദ്യംചെയ്തിരുന്നു.
അമ്മയുടെയും അച്ഛന്റെയും പേരിലുള്ള വസ്തു തന്റെ പേരിലാക്കണമെന്നു പറഞ്ഞാണ് ഇംഗ്ലണ്ടില്‍നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചതെന്നും അമ്മയുടെ സഹോദരിക്കൊപ്പമാണ് നാട്ടിലെത്തിയതെന്നും കുട്ടി മൊഴിനല്‍കി. പോലീസും തീവ്രവാദവിരുദ്ധ സെല്ലും കുട്ടിയുടെ മൊഴി പരിശോധിച്ചുവരുകയാണ്. കേസില്‍ വിശദ അന്വേഷണവുമായി പോലീസ് മുന്നോട്ടു പോകുകയാണ്. 2019-ലെ കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ ചോദ്യം ചെയ്യപ്പെട്ട കന്യാകുളങ്ങര സ്വദേശിക്ക് ഈ സംഭവവുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കുന്നു.
കേസിലെ പ്രതിയായ യുവതിയുടെ സുഹൃത്തിന്റെ സഹോദരനാണിയാള്‍. നിലവില്‍ യുഎപിഎ ചുമത്തിയ കേസ് ദേശീയാന്വേഷണ ഏജന്‍സിക്ക് വിടാന്‍ പോലീസ് മേധാവി ശുപാര്‍ശ ചെയ്‌തേക്കും. നെടുമങ്ങാട് സ്വദേശിയായ യുവതി മതംമാറിയാണ് പന്തളം സ്വദേശിയെ വിവാഹംചെയ്തത്. തുടര്‍ന്ന് നഴ്സായി ജോലി ലഭിച്ച് ഭര്‍ത്താവിനൊപ്പം ഇംഗ്ലണ്ടില്‍ താമസമാക്കി. അവിടെവച്ചാണ് വെമ്പായം സ്വദേശിയെ പരിചയപ്പെട്ടതും ഇവരുടെ വീട്ടില്‍ അയാളും താമസം തുടങ്ങിയതും.
വെമ്പായം സ്വദേശിയും യുവതിയും തമ്മിലുള്ള അടുപ്പവും അയാളുടെ തീവ്രവാദ ആഭിമുഖ്യവും യുവതിയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. ഭര്‍ത്താവ് നാട്ടിലേക്കുമടങ്ങുകയും ചെയ്തു. പിന്നീട് യുവതി പ്രസവത്തിനായി നാട്ടിലെത്തിയപ്പോള്‍ കുട്ടിയും യുവതിയുടെ സുഹൃത്തും മാത്രമാണ് ഇംഗ്ലണ്ടിലുണ്ടായിരുന്നത്. ആ സമയത്താണ് സുഹൃത്ത് കുട്ടിയെ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചതെന്നാണ് പോലീസിന് ലഭിച്ച മൊഴി. അമ്മയുള്ളപ്പോഴും കുട്ടിയെ തീവ്രവാദ ഗ്രൂപ്പിലെത്തിക്കാന്‍ സുഹൃത്ത് ശ്രമിച്ചിരുന്നെന്നും അമ്മ കൂട്ടുനിന്നുവെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.
പത്താംക്ലാസ് കഴിഞ്ഞ് നാട്ടിലെത്തിയ കുട്ടിയെ സ്വീകരിച്ചത് യുവതിയുടെ ഇംഗ്ലണ്ടിലെ സുഹൃത്തിന്റെ സഹോദരനായിരുന്നു. ഇയാളെ നേരത്തേ കനകമല കേസില്‍ ചോദ്യംചെയ്തിരുന്നുവെന്നാണ് വിവരം. ഇയാള്‍ കുട്ടിയെ ആറ്റിങ്ങലിന് സമീപത്തെ അനാഥാലയത്തില്‍ എത്തിച്ചു. കുട്ടിയില്‍ സ്വഭാവമാറ്റം കണ്ട് അനാഥാലയം അധികൃതര്‍ കുട്ടിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. അദ്ദേഹം വെഞ്ഞാറമൂട്ടിലെത്തി പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കുട്ടിയുടെ മൊഴിയെടുത്തത്. കുട്ടി ഇപ്പോള്‍ പിതാവിന്റെ ബന്ധുക്കളുടെ സംരക്ഷണയിലാണ്.
യുവതിയുടെ സുഹൃത്ത് കുട്ടിയെ തീവ്രവാദികളുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നുവെന്ന് സംശയിക്കത്തക്ക മൊഴികളുണ്ടെന്നും വിവരമുണ്ട്. ആറ്റിങ്ങല്‍ ഡിവൈഎസ്പി അന്വേഷിക്കുന്ന കേസില്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡും വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. എന്‍ഐഎയും വിവരങ്ങള്‍ ശേഖരിച്ചു.
