പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ ഫര്‍സാന എംഎസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിനി; ഇരുവരും പഠിച്ചത് ഒരേ സ്‌കൂളില്‍; പ്രണയ ബന്ധം വീട്ടിലറിയിച്ചതും ഉടക്കിട്ടതും ലത്തീഫ്; കൂട്ടക്കൊലയ്ക്ക് ശേഷം അഫാന്‍ ബൈക്കിന്റെ ചാവി കറക്കി കൂളായി സ്റ്റേഷനിലേക്ക്; അവന്റെ മുഖത്ത് ഒരു പേടിയുണ്ടായിരുന്നില്ലെന്ന് സുഹൃത്ത്; പ്രത്യേകാന്വേഷണത്തെ സംഘത്തെ രൂപീകരിച്ചെന്ന് സൗത്ത് സോണ്‍ ഐജി
കൂട്ടക്കൊല: പ്രത്യേകാന്വേഷണത്തെ സംഘത്തെ രൂപീകരിച്ചെന്ന് സൗത്ത് സോണ്‍ ഐജി
തിരുവനന്തപുരം: അതിക്രൂരമായ കൊലപാതക പരമ്പരയുടെ നടുക്കുന്ന വാര്‍ത്തകള്‍ക്കാണ് തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരന്‍ അഫാനാണ് അഞ്ചുപേരെ കൊലപ്പെടുത്തിയത്. പെണ്‍സുഹൃത്ത് ഫര്‍സാന, സഹോദരന്‍ അഫ്സാന്‍, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, പിതൃമാതാവ് സല്‍മ ബീവി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വീടുകളിലായിട്ടായിരുന്നു കൊലപാതകം അരങ്ങേറിയത്. ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി സൗത്ത് സോണ്‍ ഐജി ശ്യാംസുന്ദര്‍ അറിയിച്ചു. പ്രതി ഒറ്റയ്ക്ക് കൃത്യം ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പേരുമലയിലെ അഫാന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പെണ്‍സുഹത്തിനേയും സഹോദരനേയും കൊലപ്പെടുത്തിയത് ഈ വീട്ടില്‍വെച്ചാണ്. മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും ഇതേവീട്ടിലായിരുന്നു. ഒറ്റയ്ക്ക് കൃത്യം ചെയ്തു എന്നാണ് പ്രാഥമിക നിഗമനം. രക്തസാമ്പിള്‍ പരിശോധന ഫലം വന്നാല്‍ മാത്രമേ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാനാവുകയുള്ളൂ. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ആക്രമണം നടത്തിയ ആയുധം കണ്ടെടുത്തുവെന്നും സൗത്ത് സോണ്‍ ഐജി ശ്യാംസുന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകത്തില്‍ കശാലിച്ച പ്രണയം
ഫര്‍സാനയുടെ മരണത്തില്‍ വിറങ്ങലിച്ച് വെഞ്ഞാറമൂട് മൂക്കന്നൂരിലെ പ്രദേശവാസികളും ബന്ധുക്കളും. വെഞ്ഞാറമൂട്ടിലെ സ്‌കൂളില്‍ പഠനകാലയളവില്‍ തുടങ്ങിയ പ്രണയമാണ് അഫാനും ഫര്‍സാനയും തമ്മില്‍. അഞ്ചലിലെ കോളജില്‍ പിജി വിദ്യാര്‍ഥിനിയാണ് ഫര്‍സാന. പഠിക്കാന്‍ മിടുക്കി ആയിരുന്നു. ട്യൂഷനു പോകുന്നുവെന്നാണ് ഫര്‍സാന ഇന്നലെ വീട്ടില്‍ പറഞ്ഞത്.
പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ ഫര്‍സാന എം എസ് സി കെമിസ്ട്രി വിദ്യാര്‍ത്ഥിനിയായിരുന്നു. അഫാനും ഫര്‍സാനയും ഒരേ സ്‌കൂളിലാണ് പഠിച്ചത്. ഇരുവരും നല്ല സുഹൃത്തുകളാണെന്നാണ് കുടുംബം കരുതിയിരുന്നത്. അതീവരഹസ്യമായാണ് ഇരുവരും ബന്ധം കൊണ്ടുനടന്നത്.ഫര്‍സാനയുടെ വീടിനടുത്ത് അഫാന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്ളതിനാല്‍ ഇടയ്ക്കിടെ പ്രതി അവിടെ എത്തിയിരുന്നു. അധികമാര്‍ക്കും ഈ ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു. എന്നാല്‍ ഈ ബന്ധം അറിഞ്ഞ ലത്തീഫ്, അഫാന്റെ വീട്ടിലറിയിച്ചു. ഇതിന്റെ വൈരാഗ്യത്തിലാകാം ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ലത്തീഫിനെ മൃഗീയമായ രീതിയിലാണ് കൊലപ്പെടുത്തിയിരിക്കുന്നത്.
കാമുകി തനിച്ചാകുമെന്ന് കരുതി
ഫര്‍സാനയെ സ്വന്തം വീട്ടിലെത്തിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. ഫര്‍സാനയുടെ നെറ്റിയില്‍ വലിയ ചതവുണ്ട്. ചെവിയുടെ ഭാഗത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. മുഖം വികൃതമായ നിലയിലായിരുന്നു. പിതൃമാതാവായ സല്‍മ ബീവിയെ ചുമരില്‍ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്.
വൈകിട്ട് മൂന്നര വരെ ഫര്‍സാന വീട്ടില്‍ ഉണ്ടായിരുന്നു. പിന്നാലെ കാമുകന്‍ അഫാന്‍ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുകയിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ എത്തിച്ചശേഷമാണ് കൊന്നത്. മുനയുള്ള ആയുധം ഉപയോഗിച്ചു തലയില്‍ കുത്തിയാണു കൊലപാതകമെന്നാണു പൊലീസ് പറയുന്നത്. മുഖമാകെ വികൃതമാക്കിയ നിലയിലായിരുന്നു. പേരുമലയിലെ കൂട്ടക്കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴാണ് ഫര്‍സാനയും ഉള്‍പ്പെട്ടതായി വ്യക്തമായത്.
രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയുമായി അഫാന്‍ ബുള്ളറ്റില്‍ യാത്രചെയ്യുന്നത് അഫാന്റെ ബന്ധു കണ്ടിരുന്നു. ഫര്‍സാനയുടെ തലയ്ക്കു പ്രതി തുരുതുരാ അടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫര്‍സാനയുടെ തലയിലെ മുറിവ് വളരെ ആഴത്തിലുള്ളതാണ്. നെറ്റിയുടെ രണ്ടുവശത്തും നടുക്കും ചുറ്റികകൊണ്ട് ആഴത്തില്‍ അടിച്ച പാടുമുണ്ട്.
താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകും എന്ന് കരുതിയാണു ഫര്‍സാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ മൊഴി. ഫര്‍സാനയുടെ മരണമറിഞ്ഞു പൊട്ടിക്കരഞ്ഞ പിതാവ് സുനിലിനെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ ബുദ്ധിമുട്ടി. മരണപ്പെട്ടതു തന്റെ മകളാകല്ലേ എന്ന പ്രാര്‍ഥനയോടെയാണ് സുനില്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയത്. വെല്‍ഡിങ് ജോലിക്കാരനാണു സുനില്‍.
അവന്റെ മുഖത്ത് ഒരു പേടിയുണ്ടായിരുന്നില്ല
അഞ്ചുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി അഫാന്‍ (23) പൊലീസ് സ്റ്റേഷനിലേക്കെത്തിയത് ഒരു കൂസലുമില്ലാതെയായിരുന്നു. സ്റ്റേഷന് പുറത്തുണ്ടായിരുന്ന സുഹൃത്തിനോട് വളരെ സന്തോഷത്തോടെ സംസാരിച്ചാണ് അഫാന്‍ അകത്തേക്ക് കയറിപ്പോയത്. ഒരു ഒപ്പിടാന്‍ വേണ്ടി എത്തിയതെന്നാണ് അഫാന്‍ തന്നോട് പറഞ്ഞതെന്ന് സുഹൃത്ത് മുഹമ്മദ് ആലിഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആലിഫിന്റെ വാക്കുകള്‍
'എനിക്ക് കൊച്ചുനാള്‍ മുതല്‍ അഫാനെ അറിയാം. എന്നെ കണ്ടിട്ട് മച്ചാനെ എന്ന് വിളിച്ചാണ് ഓടിവന്നത്. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോള്‍ ഒരു ഒപ്പിടാന്‍ വേണ്ടിയാണ് വന്നതെന്ന് പറഞ്ഞു. അകത്ത് ചെന്നതിന് ശേഷമാണ് അഞ്ച് പേരെ കൊന്നിട്ട് വന്നതാണെന്ന് പറഞ്ഞത്. ഈ സമയത്ത് ആള് നല്ല കൂളായിരുന്നു. അവന്റെ മുഖത്ത് ഒരു പേടിയുണ്ടായിരുന്നില്ല. ബൈക്കിന്റെ ചാവി കറക്കിക്കൊണ്ടാണ് സ്റ്റേഷനിലേക്ക് കയറിയത്. ആദ്യം എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇന്നലെ സംസാരിച്ചത്'- ആലിഫ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് താഴെ പാങ്ങോട് എലിച്ചുഴി പുത്തന്‍വീട്ടിലെത്തി ഉപ്പയുടെ ഉമ്മ സല്‍മാബീവിയെ കഴുത്തു ഞെരിച്ച് കൊന്നുകൊണ്ടാണ് അഫാന്‍ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കഴുത്തിലെ സ്വര്‍ണ്ണമാല ഊരി പണയംവച്ച് കിട്ടിയ പണം കൊണ്ടാണ് മറ്റുള്ളവരെ വകവരുത്താനുള്ള ചുറ്റികയും കത്തിയും പ്രതി വാങ്ങിയത്.
തുടര്‍ന്ന് പിതൃസഹോദരന്റെ വീട്ടിലെത്തി കൃത്യം നിറവേറ്റി. പിന്നീട് സ്വന്തം വീട്ടിലെത്തി കൊലപാതകങ്ങള്‍ നടത്തി.അപ്പോള്‍ സമയം ആറു മണിയോട് അടുത്തിരുന്നു. തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്. അഫാന്റെ ഉപ്പ റഹിം ഗള്‍ഫില്‍ ബിസിനസ് നടത്തിയെങ്കിലും വായ്പ വാങ്ങി കടക്കെണിയിലായി. അതു തീര്‍ക്കാന്‍ നാട്ടിലെ ബന്ധുക്കള്‍ സഹായിച്ചില്ല. അതിന്റെ പകയില്‍ ആരുംജീവിച്ചിരിക്കേണ്ട എന്നു ചിന്തിച്ച് കൊലനടത്തിയെന്നാണ് സൂചന.