ഏറ്റവും ഇഷ്ടം പത്ത് വയസിന് ഇളയവനായ സഹോദരനെ; അരുംകൊലയ്ക്ക് മുമ്പ് സഹോദരന് വാങ്ങി നല്‍കിയത് ഇഷ്ടഭക്ഷണമായ കുഴിമന്തി; പലപ്പോഴും പുറത്തുപോകുന്നതും അനിയനൊപ്പം; പൊന്നനിയനെ കൊല്ലാന്‍ പ്രേരിപ്പിച്ചത് എന്തെന്ന് അറിയാതെ കുഴങ്ങി നാട്ടുകാര്‍; വെഞ്ഞാറമൂടില്‍ കൂടുതല്‍ തെളിവിന് അന്വേഷണ സംഘം
അരുംകൊലയ്ക്ക് മുമ്പ് സഹോദരന് വാങ്ങി നല്‍കിയത് ഇഷ്ടഭക്ഷണമായി കുഴിമന്തി
തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സംഭവം ഉള്‍ക്കൊള്ളാനാകാതെ നാട്ടുകാര്‍. സഹോദരനെ കൊന്നതാണ് നാട്ടുകാരില്‍ പലരിലും ഒരേ സമയം ഭീതിയും ഞെട്ടലുമുണ്ടാക്കുന്നത്.അഫാനും 14 കാരനായ സഹോദരനും തമ്മില്‍ അത്രയും അടുപ്പമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.സ്വന്തം വീട്ടിലെത്തി പെണ്‍സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തുന്നതിന് മുമ്പ് സഹോദരന്‍ 14കാരനായ അഹസാന് ഇഷ്ടഭക്ഷണം വാങ്ങി നല്‍കിയതായി നാട്ടുകാര്‍. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിന് ശേഷമാണ് കൊടും ക്രൂരത ചെയ്തത്.
അഫ്സാന്‍ എട്ടാംക്ലാസിലാണ് പഠിക്കുന്നത്.ഇന്ന് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതാണ് അഫ്സാനെന്ന് നാട്ടുകാര്‍ പറയുന്നു.അനിയനുമായിട്ട് ഭയങ്കര സ്നേഹത്തിലായിരുന്നു അഫാനെന്നും ഒരുമിച്ചായിരുന്നു പലപ്പോഴും പുറത്ത് പോകുന്നതുമൊക്കെയെന്ന് അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.അങ്ങിനെയുള്ള അഫ്സാനെപ്പോലും ഇല്ലാതാക്കാന്‍ അഫാനെ പ്രേരിപ്പിച്ചതെന്താണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.അതിനാല്‍ തന്നെയാണ് സാമ്പത്തിക ബാധ്യതയാണ് കൊലയ്ക്ക് പിന്നിലുള്ള കാരണമെന്ന പ്രതിയുടെ മൊഴി അന്വേഷണ സംഘം പൂര്‍ണ്ണമായും വിശ്വസിക്കാത്തത്.
എന്താണ് കൂട്ടക്കൊലക്ക് അഫാനെ പ്രേരിപ്പിച്ചതെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്കും കൃത്യമായ മറുപടിയില്ല.സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം.എന്നാല്‍,സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബമല്ല അഫാന്റേതെന്നാണ്് നാട്ടുകാരുടെ ഭാഷ്യം.കൂട്ടക്കൊലക്ക് ശേഷം എലിവിഷം കഴിച്ച അഫാനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ വിശദമായ ചോദ്യംചെയ്യലിന് സാധിച്ചിട്ടില്ല.പ്രണയബന്ധത്തിന് എതിരുനിന്നതിനെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും പറയപ്പെടുന്നുണ്ട്.അഫാന്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
കൊല്ലപ്പെട്ട പെണ്‍സുഹൃത്ത് ഫര്‍സാന ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് അഫാന്റെ വീട്ടിലെത്തിയത്.ഇവര്‍ തമ്മിലുള്ള ബന്ധത്തിലും അഭ്യൂഹത നിലനില്‍ക്കുന്നുണ്ട്.താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകും എന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നു വെട്ടികൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കി.രണ്ടിടത്ത് കൊലപാതകം നടത്തിയ ശേഷമാണ് പ്രതി സ്വന്തം വീട്ടിലെത്തിയത്.കൊലപാതകത്തിന് ശേഷം വീട്ടിലെ ഗ്യാസ് തുറന്നിട്ടു.കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകമെന്നാണ് നിഗമനം. തലക്കാണ് എല്ലാവര്‍ക്കും പരിക്കേറ്റത്.
അഫാന്റെ വീട്ടിലുണ്ടായിരുന്നവരെ ഇന്നലെയാണ് നാട്ടുകാര്‍ അവസാനമായി കണ്ടത്.വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പേരുമല പേരാവൂര്‍ സ്വദേശി അഫാന്‍ വൈകീട്ട് 6.20-നാണ് സ്റ്റേഷനില്‍ എത്തി കൊലപാതക വിവരം അറിയിച്ചത്.പേരുമലയില്‍ മൂന്നു പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടില്‍ യുവാവിന്റെ മുത്തശ്ശി സല്‍മാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. സ്വന്തം വീട്ടിലാണ് 13 വയസുള്ള സഹോദരന്‍ അഫ്‌സാനെയും പെണ്‍കുട്ടി ഫര്‍സാനയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
എസ്.എന്‍. പുരം ചുള്ളാളത്ത് പിതാവിന്റെ സഹോദരന്‍ ലത്തീഫ്,ഷാഹിദ എന്നിവരെയും കൊലപ്പെടുത്തി.ഇതില്‍ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.കല്ലറ പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലെത്തിയാണ് ഇയാള്‍ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്.
സല്‍മാബീവിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.ശേഷം എസ്.എന്‍. പുരം ചുള്ളാളത്തെ പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തി രണ്ടു പേരെ വെട്ടിക്കൊന്നു.തുടര്‍ന്നാണ് പേരുമലയിലെ വീട്ടിലെത്തി സഹോദരനെയും പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയത്.
ഇയാളുടെ പിതാവ് റഹിം വിദേശത്താണ്.രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വര്‍ണമാല വില്‍ക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്.ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയെന്നും പറയപ്പെടുന്നു. പേരുമലയിലെ അഫാന്റെ വീട്ടില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് ഫര്‍സാനയുടെ വീട്.ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു ഫര്‍സാന. ട്യൂഷനെന്നു പറഞ്ഞാണ് രാവിലെ പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങുന്നത്.
പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയില്‍ പോയി തിരിച്ചു വന്നതാണ്.മാതാവ് കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനിയന്‍ അഫ്‌സാന്‍.പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ ആരുമായും കൂടുതല്‍ സംസാരിക്കാറില്ലായിരുന്നുവെന്നും പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ് പറഞ്ഞു.