വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ വൈകും; വിപഞ്ചികയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞില്ല; തിങ്കളാഴ്ച്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കും; വിപഞ്ചിക ഡിവോഴ്‌സിനെക്കുറിച്ച് ആലോചിച്ചിരുന്നു; ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലെന്ന് ഷാര്‍ജയിലെ ബന്ധു

വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ വൈകും

Update: 2025-07-12 02:47 GMT

കൊല്ലം: ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലിയില്‍ കണ്ടെത്തിയ വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടര്‍നടപടികള്‍ വൈകിയേക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ അടക്കം പൂര്‍ത്തിയാക്കാത്തതു കൊണ്ടാണ് നാട്ടിലെത്തിക്കുന്നത് വൈകുന്നത്. നടപടികള്‍ തിങ്കളാഴ്ച്ചയോടെ പൂര്‍ത്തിയാക്കാനാണ് ശ്രമം. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. അതേസമയം, ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിപഞ്ചിക പോസ്റ്റ് ചെയ്ത കുറിപ്പും പ്രചരിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹത്തിലെ തുടര്‍ നടപടികള്‍ക്കും മറ്റു നിയമ നടപടികള്‍ക്കുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ ഇടപെട്ടിട്ടുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും വിഷയത്തില്‍ ഇടപെടുന്നുണ്ട്. വിപഞ്ചികയുടെ പോസ്റ്റുമോര്‍ട്ടവും മറ്റു നടപടികളും വൈകുമെന്നാണ് സൂചന. അടുത്ത രണ്ടു ദിവസങ്ങള്‍ വാരാന്ത്യ അവധി ആയതിനാല്‍ തിങ്കളാഴ്ചയാകും ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാകുക.

ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കം ലഭിച്ച ശേഷമാകും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിക്കുക. അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരും ശ്രമിക്കുന്നത്. അതേസമയം, കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍തന്നെ സംസ്‌കരിക്കണമെന്ന് വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ് ആവശ്യപ്പെട്ടതായാണ് വിവരം. കേസ് നിലനില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് പോകാനാകില്ലെന്നും കുഞ്ഞിന്റെ സംസ്‌കാരം ഷാര്‍ജയില്‍ നടത്തിയാല്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയുമെന്നുമാണ് നിധീഷിന്റെ വാദം.

അതേസമയം ഇക്കാര്യത്തില്‍ വിപഞ്ചികയുടെ വീട്ടുകാര്‍ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. താന്‍ നേരിട്ട പീഡനങ്ങളും അപമാനവും വിവരിച്ച് ഗുരുതര ആരോപണങ്ങളുമായി വിപഞ്ചിക എഴുതിയ കുറിപ്പും പുറത്തു വന്നിരുന്നു. ഫേസ്ബുക്കില്‍ ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്തതാണ് ഇതെന്നാണ് വിവരം. കുടുംബത്തിന്റെ അഭിഭാഷകന്‍ അത് സ്ഥിരീകരിക്കുന്നുണ്ട്. മടുത്തു എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

അതേസമയം ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് ബന്ധു വെളിപ്പെടുത്തുന്നത്. നിതീഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് നിയമസഹായം തേടണമെന്ന് വിപഞ്ചിക ആവശ്യപ്പെട്ടിരുന്നുവെന്ന് ബന്ധു സന്ധ്യ ഒരു ചാനലിനോട് പറഞ്ഞു. വിപഞ്ചിക ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ഭര്‍ത്താവുമായുള്ള പ്രശ്‌നത്തില്‍ വിപഞ്ചിക മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചു. അമ്മയേയും ഭര്‍ത്താവ് ചീത്ത പറയാറുണ്ടെന്ന് വിപഞ്ചിക പറഞ്ഞു. നിതീഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് നിയമസഹായം തേടണമെന്ന് പറഞ്ഞു. യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്ലാറ്റില്‍ ഒരേകയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു.

തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും പട്ടിയെപോലെ തല്ലിയിട്ടുണ്ടെന്നും ആഹാരം തന്നില്ലെന്നും വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. 'ശാരീരികമായി ഉപ്രദവിച്ചിട്ട് അപകടം പറ്റിയതാണെന്ന് പറയും. ഏഴുമാസം ഗര്‍ഭിണിയായിരിക്കെ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. കല്യാണം ആഡംബരമായി നടത്തിയില്ല,സ്ത്രീധനം കുറഞ്ഞുപോയി,കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് കൊല്ലാക്കൊല ചെയ്തു. കുഞ്ഞിന് വേണ്ടി എല്ലാം ക്ഷമിച്ചു. ഭര്‍ത്താവ് നിതീഷിന്റെ അച്ഛന്‍ എന്നോട് മോശമായി പെരുമാറിയെന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. ഒരുപാട് കാശുള്ളവരാണ്. എന്നിട്ടും എന്റെ സാലറിക്ക് വേണ്ടി ദ്രോഹിച്ചുകൊണ്ടിരുന്നു. എല്ലാവര്‍ക്കും എല്ലാമറിയാം..ഈ ലോകം പണമുള്ളവരുടെ കൂടായാണ്. ഉപ്രദവിച്ചതിന് ശേഷം കുഞ്ഞിനെയും എന്നെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി'-ആത്മഹത്യാ കുരിപ്പില്‍ പറയുന്നു.

'എന്റെ കുഞ്ഞിന്റെ സ്വര്‍ണം കൈക്കലാക്കിയെന്നും ആരോപണമാണ്. എന്റെ സ്വര്‍ണം കൈക്കലാക്കാന്‍ സാധിച്ചില്ല. പണം കൈക്കലാക്കാന്‍ സാധിച്ചില്ല. അതിന് എന്നെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. പണമില്ലാത്ത പെണ്‍കുട്ടികള്‍ കല്യാണം കഴിക്കാത്തതാണ് എന്നും നല്ലത്'.. മരിക്കാന്‍ ഒരാഗ്രഹവുമില്ല, എന്റെ കുഞ്ഞിന്റെ മുഖവും ചിരിയും കണ്ട കൊതി തീര്‍ന്നിട്ടില്ലെന്നും വിപഞ്ചികയുടെ കത്തിലുണ്ട്.

'ഭര്‍ത്താവ് നിതീഷ് മോഹനും സഹോദരി നീതുവുമാണ് ഒന്നാം പ്രതികളെന്നും രണ്ടാം പ്രതി ഭര്‍ത്താവിന്റെ അച്ഛനായ മോഹന്‍ ആണെന്നും ഒരിക്കലും ഈ കൊലയാളികളെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഭര്‍ത്താവിന്റെ സഹോദരി എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. പറഞ്ഞറിയിക്കാന്‍ പറ്റാത്തതിനപ്പുറമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനി വയ്യ. എന്റെ കുഞ്ഞിന് വയ്യാഞ്ഞിട്ടു പോലും അയാളവിടെ ഇല്ല.അവരെ വെറുതെ വിടരുത്'. അവര്‍ക്ക് ഞാന്‍ മാനസിക രോഗിയാണെന്ന് വരുത്തിത്തീര്‍ക്കണമെന്നും വിപഞ്ചിക എഴുതിയ കത്തില്‍ പറയുന്നു.

Tags:    

Similar News