സ്വീഡനിലേക്ക് വിസ വാഗ്ദാനം നൽകി പണം കൈപ്പറ്റും; പിന്നാലെ സിം കാർഡും ഫോണും ഉപേക്ഷിക്കും; പണം നൽകിയവർ നാലുകണ്ടൻ ജിന്റോ ജോസഫിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ പുറത്ത് വന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്; പോലീസ് കണ്ടെത്തുമ്പോൾ കിളിമാനൂരിൽ വേഷപ്രച്ചന്നനായി മീൻ കച്ചവടം
കാളികാവ്: സ്വീഡനിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി 90 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ കാറളം സ്വദേശി നാലുകണ്ടൻ ജിന്റോ ജോസഫിനെയാണ് (36) കാളികാവ് പോലീസ് തിരുവനന്തപുരം കിളിമാനൂരിൽ നിന്ന് പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഒരു ഫ്ലാറ്റിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാളികാവ് അടയ്ക്കാക്കുണ്ട് സ്വദേശി കാരടി മുഹമ്മദ് അൻഷിഫിൽ നിന്ന് മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സ്വീഡനിലെ ഒരു കമ്പനിയിൽ വിസ ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ജിന്റോ പലരിൽ നിന്നായി പണം കൈപ്പറ്റിയതെന്ന് പോലീസ് പറഞ്ഞു. പണം കൈപ്പറ്റിയ ശേഷം വിസ നൽകാതെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഇയാൾ ആദ്യം പൊള്ളാച്ചിയിലും പിന്നീട് കിളിമാനൂരിലുമായി താമസം മാറ്റി. ഫോൺ സ്വിച്ച് ഓഫ് ആയതോടെ പണം നൽകിയവർ വീട്ടിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഒരു തട്ടിപ്പിന് ശേഷം ഫോണും സിം കാർഡുകളും ഉപേക്ഷിക്കുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് കണ്ടെത്തി. കിളിമാനൂരിൽ വേഷപ്രച്ചന്നനായി മീൻ കച്ചവടം നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പല സ്ഥലങ്ങളിലായി അപ്പാർട്ടുമെൻറ്റുകൾ വാടകക്കെടുത്ത് മാസങ്ങൾ താമസിക്കുകയും പ്രദേശത്തെ പ്രധാനിയായ ആളുമായി ചങ്ങാത്തം സ്ഥാപിക്കും. പിന്നീട് നാട്ടിൽ സ്വാധീനമുള്ളവരെ മുന്നിൽ നിർത്തിയാണ് ഇരകളെ കണ്ടെത്തുന്നത്. എറണാകുളം, വരാപ്പുഴ, ബിനാനിപുരം, കോതമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും ജിന്റോ ജോസഫിനെതിരെ സമാനമായ വഞ്ചനാ കേസുകൾ നിലവിലുണ്ട്.
കാളികാവ് പോലീസ് ഇൻസ്പെക്ടർ വി. അനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ അൻവർ സാദത്ത് ഇല്ലിക്കൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വ്യതീഷ്, ശ്രീജിത്ത്, ഷൈജു, റിയാസ് ചീനി, മൻസൂറലി, ഹർഷാദ്, സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് ഓഫീസർ ടി. വിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.