വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ചത് സോഷ്യൽ മീഡിയയിലൂടെ; ഭർത്താവിന് വീസ വാഗ്ദാനം നൽകി പേഴ്സണൽ ചാറ്റ് ആരംഭിച്ചു; പിന്നാലെ ഭീഷണിപ്പെടുത്തി കുന്നംകുളത്തേക്ക് വിളിച്ചുവരുത്തി; വ്യാജരേഖകളിൽ ഒപ്പിട്ടു വാങ്ങി 17 പവനും ഐഫോണും തട്ടി; പിടിയിലായത് പെരിന്തല്ലൂരുകാരൻ റാഷിദ്
തൃശൂർ: ഗൾഫിലേക്ക് വീസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത വീട്ടമ്മയെ കബളിപ്പിച്ച് 17 പവനോളം സ്വർണവും ഒരു ഐഫോണും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. തിരൂർ പെരിന്തല്ലൂർ സ്വദേശി റാഷിദ് (25) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. മണികണ്‌ഠേശ്വരം സ്വദേശികളായ ദമ്പതികളെയാണ് ഇയാൾ തട്ടിപ്പിന് ഇരയാക്കിയത്. പരാതിക്കാരിയെപ്പോലെ അറസ്റ്റിലായ പ്രതിയും സംസാരശേഷി ഇല്ലാത്തയാളാണ്.
സംസാരശേഷിയില്ലാത്തവരുടെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ വഴിയാണ് റാഷിദ് പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പേഴ്സണൽ ചാറ്റിലൂടെ ഭർത്താവിന് ഗൾഫിൽ ജോലി തരാമെന്ന് വാഗ്ദാനം ചെയ്തു. പണം തന്നാൽ ഗൾഫിൽ കൊണ്ട് പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഇരുവരും തമ്മിലുള്ള ചാറ്റ് ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം വീട്ടമ്മയെ കുന്നംകുളത്തേക്ക് വിളിച്ചുവരുത്തി 17 പവൻ സ്വർണ്ണവും ഭർത്താവിന്‍റെ ഐഫോണും തട്ടിയെടുത്ത് സ്ഥലം വിട്ടു. ഇതോടെ യുവതി കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
ഇവിടെവെച്ച് വീസയുമായി ബന്ധപ്പെട്ട ചില വ്യാജരേഖകളിൽ ഒപ്പിടുവിച്ച ശേഷം വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന 17 പവൻ സ്വർണ്ണാഭരണങ്ങളും, ഏകദേശം 50,000 രൂപ വിലമതിക്കുന്ന ഐഫോണും റാഷിദ് കൈക്കലാക്കുകയായിരുന്നു. ഈ സ്വർണ്ണം ഒരു നിക്ഷേപം മാത്രമാണെന്നും, വീസ ലഭിച്ച് യാത്ര പുറപ്പെടുന്ന സമയത്ത് സ്വർണ്ണവും പണവും തിരികെ നൽകാമെന്നും ഇയാൾ തെറ്റിദ്ധരിപ്പിച്ചു. സ്വർണ്ണവും ഫോണും കൈക്കലാക്കിയ ഉടൻ തന്നെ റാഷിദ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.
വീസ ലഭിക്കുന്നതിൽ കാലതാമസം നേരിടുകയും, പലതവണ ശ്രമിച്ചിട്ടും റാഷിദിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് പരാതിക്കാരിക്ക് മനസ്സിലായത്. ഇതോടെ ഇവർ കുന്നംകുളം പോലീസിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ദമ്പതികളുടെ പരാതിയെത്തുടർന്ന് കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം എറണാകുളത്ത് എത്തി റാഷിദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
