ആള്‍ത്തിരക്കില്ലാത്ത റോഡിലെ അപകടം; തൊട്ടുമുമ്പുള്ള ഫോണ്‍കോള്‍; പാഞ്ഞുവന്ന ജീപ്പ് ഓട്ടോ കണ്ടപാടേ വെട്ടിച്ച് ഇടിച്ചുതെറിപ്പിക്കല്‍; തകര്‍ന്ന ജീപ്പിന് മുന്നിലെ ഫോട്ടോയെടുപ്പ്; വൈത്തിരി ചുണ്ടേലില്‍ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം; പ്രതികളായ സഹോദരങ്ങള്‍ കടുംകൈ ചെയ്തത് എന്തിന്?

വൈത്തിരി ചുണ്ടേലില്‍ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം

Update: 2024-12-04 12:56 GMT

വൈത്തിരി : നല്ല വീതിയുളള വളവും തിരിവും ഇല്ലാത്ത റോഡ്. എതിരെ വരുന്ന വാഹനങ്ങളെ വ്യക്തമായി കാണാവുന്ന അപകട സാധ്യത നന്നേ കുറഞ്ഞ റോഡ്. അമിത വേഗത്തില്‍ വന്ന ജീപ്പ് എതിരെ ഓട്ടോ വന്നപ്പോള്‍ വെട്ടിതിരിച്ച് ഇടിക്കുക. ഓട്ടോ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ മരണപ്പെടുക. ആദ്യം മുതലേ സംഭവത്തില്‍ പൊലീസിന് സംശയങ്ങള്‍ ഉണ്ടായിരുന്നു. ചുണ്ടേല്‍ കാപ്പംകുന്ന് കുന്നത്തപീടിയേക്കല്‍ അബ്ദുല്‍ നവാസി(44)ന്റെ മരണം അപകടമല്ല കൊാലപാതകമെന്ന് വൈകാതെ വ്യക്തമായി. ആസൂത്രിത കൊലപാതകം നടത്തിയത് സഹോദരങ്ങളായ പുത്തൂര്‍ വയല്‍ കാരാട്ടില് വീട്ടില്‍ സുമില്‍ ഷാദ്, അജിന്‍ ഷാദ് എന്നിവരും.

അപകടം നടക്കുന്നതിനു മുന്‍പ് സമീപത്തെ പള്ളിക്കു സമീപം ജീപ്പ് നിര്‍ത്തിയിട്ട് സുമില്‍ഷാദ് കാത്തു നിന്നതും മൊബൈല്‍ ഫോണ്‍ റിങ് ചെയ്തപ്പോള്‍ പെട്ടെന്ന് വാഹനമെടുത്ത് പോയതും നാട്ടുകാരില്‍ ചിലര്‍ കണ്ടതും നിര്‍ണായകമായി. അപകടത്തിനു ശേഷം സുമില്‍ഷാദ് വാഹനത്തില്‍ നിന്നിറങ്ങി ഫോണ്‍ ചെയ്തതും കണ്ടവരുണ്ട്. പരുക്കേറ്റ അബ്ദുല്‍ നവാസിനെ ആശുപത്രിയില്‍ എത്തിക്കാനും സുമില്‍ഷാദ് ശ്രമിച്ചില്ല. ഓടിക്കൂടിയ നാട്ടുകാര്‍ നവാസിനെ പിന്നാലെയെത്തിയ വാഹനത്തിലേക്ക് കയറ്റുമ്പോഴും സുമില്‍ഷാദ് ഇടപെട്ടില്ല.

ഓട്ടോ ഇടിച്ചുതെറിപ്പിച്ച ശേഷം സുമില്‍ ഷാദ് മുന്‍ഭാഗം തകര്‍ന്ന ജീപ്പിന് മുന്നില്‍നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. സുമില്‍ ഷാദ് ഓടിച്ച ജീപ്പ് ഓട്ടോ ഇടിച്ചുതെറിപ്പിച്ചപ്പോള്‍ അതിനുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത് അജിന്‍ ഷാദാണെന്നും പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പ്രതികളുണ്ടോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും പോലീസ് വ്യക്തമാക്കി.

നവാസിനെ എന്തിന് വകവരുത്തി?

ഓട്ടോറിക്ഷ ഡ്രൈവര്‍ നവാസിനെ വകവരുത്താന്‍ സഹോദരങ്ങള്‍ തീരുമാനിച്ചതിന് പിന്നില്‍ വ്യക്തിവൈരാഗ്യമായിരുന്നു. സുമില്‍ ഷാദിന്റേയും അജിന്‍ ഷാദിന്റേയും 'മജ്ലിസ്' എന്ന് പേരുള്ള റസ്റ്റോറന്റിന് മുന്നില്‍ നവാസ് കൂടോത്രം ചെയ്തതുമായി ബന്ധപ്പെട്ട വൈരാഗ്യം ഇരുവര്‍ക്കുമിടയിലുണ്ടായിരുന്നു. ഈ വൈരാഗ്യം മനസില്‍വെച്ചാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഗൂഢാലോചന നടത്തി ആസൂത്രിതമായി നവാസിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍.

നവംബര്‍ 30-നാണ് റസ്റ്ററന്റിന് മുന്നില്‍ നിന്ന് കൂടോത്രവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ ലഭിച്ചത്. വാഴയിലയില്‍വെച്ച കോഴിയുടെ തല, പട്ട്, ഭസ്മം, മഞ്ഞള്‍പ്പൊടി, വെറ്റില എന്നിവയാണ് കിട്ടിയത്. റസ്റ്ററന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവറും റസ്റ്ററന്റിന് മുന്നിലെ പലചരക്ക് കച്ചവടക്കാരനുമായ നവാസാണ് അത് കൊണ്ടുവച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് സുമില്‍ ഷാദും അനിയന്‍ അജിന്‍ ഷാദും കൊലപാതകം നടത്താന്‍ പദ്ധതിയിടുകയായിരുന്നു. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടും സുമില്‍ ഷാദിനേയും അജിന്‍ ഷാദിനേയും കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് നവാസ് താക്കീത് ചെയ്തിരുന്നു. 'തങ്ങളോട് കളിക്കാന്‍ നിക്കണ്ട, പണി കിട്ടും' എന്ന് ഇരുവരും അന്ന് നവാസിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ അമ്മാറ-ആനോത്ത് റോഡില്‍ ചുണ്ടേല്‍ എസ്റ്റേറ്റ് ഫാക്ടറിക്കുസമീപമായിരുന്നു നവാസിന്റെ മരണത്തിനിടയാക്കിയ അപകടം. ചുണ്ടേല്‍ എസ്റ്റേറ്റ് ഭാഗത്തേക്കുപോവുകയായിരുന്ന നവാസ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എതിരേവരികയായിരുന്ന ഥാര്‍ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ഗതാഗതം കുറവായ റോഡില്‍ ഉണ്ടായ അപകടത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി നവാസിന്റെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി. നാട്ടുകാര്‍ക്കും ഈ പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കണ്ടെത്തിയത്. നവാസിന്റെ മരണത്തിനിടയാക്കിയ അപകടം വെറും വാഹനാപകടമല്ലെന്നും ആസൂത്രിതമായ കൊലപാതമാണെന്നും ചൂണ്ടിക്കാട്ടി നവാസിന്റെ പിതൃസഹോദരന്‍ കെ.പി. റഷീദ് ആണ് വൈത്തിരി പോലീസില്‍ പരാതി നല്‍കിയത്.

ചൊവ്വാഴ്ച വൈകീട്ടാണ് നവാസിന്റെ കബറടക്കം നടന്നത്. അപകടത്തില്‍ പരിക്കേറ്റ സുമില്‍ഷാദിനെ. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.


Tags:    

Similar News