അമ്മ...ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി ഒരു ട്രിപ്പ് പോകുന്നുവെന്നാണ് അവസാനം പറഞ്ഞത്; അവളുടെ കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഒരു പരിക്ക് പോലും ഇല്ല; എന്റെ മോൾക്ക് മാത്രം എന്ത് സംഭവിച്ചു?; റിസോര്‍ട്ടിലെ ടെന്‍റ് തകര്‍ന്ന് നിഷ്മ മരിച്ചത് അതിദാരുണമായി; ദുരൂഹത ആരോപിച്ച് കുടുംബം!
വയനാട്: കഴിഞ്ഞ ദിവസമാണ് വയനാടിനെ ഞെട്ടിച്ച് അതിദാരുണമായ അപകടം ഉണ്ടായത്. റിസോർട്ടിലെ ടെന്‍റ് തകർന്ന് വിനോദസഞ്ചാരിയായ യുവതിയുടെ ജീവനാണ് നഷ്ടമായത്. മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് (25) മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു.
നിഷ്മ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണത്തിന് കീഴടങ്ങി. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടം നടന്നത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം.എമറാൾഡ് റിസോർട്ടിൽ മരത്തടികൾ കൊണ്ടും പുല്ലുകൊണ്ടും നിർമ്മിച്ച ടെന്‍റ് തകർന്നു വീണാണ് അപകടമുണ്ടായത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ റിസോർട്ടിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും വ്യക്തമാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും രംഗത്ത് വന്നിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്നവർക്ക് ഒരു പോറൽപോലും സംഭവിച്ചിട്ടില്ലെന്നും ഇതിൽ അസ്വാഭാവികതയുണ്ടെന്ന് അമ്മ തുറന്നടിച്ചു. പിന്നാലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്യാനുള്ള നീക്കത്തിലേക്ക് കടന്നിരിക്കുകയാണ് ജില്ല ഭരണകൂടം.
നിഷ്മയുടെ അമ്മയുടെ വാക്കുകൾ...
''അവളുടെ ഫ്രണ്ട്സ് എല്ലാവരും പോയിട്ട് അവൾക്ക് മാത്രമാണ് അപകടമുണ്ടായത്. അവളുടെ കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഒരു പരിക്ക് പോലും ഞാൻ കണ്ടില്ല. ഒരു മഴ പെയ്യുമ്പോഴേയ്ക്കും വീഴുന്ന ഹട്ടിന് പെർമിറ്റുണ്ടോ? എന്റെ മോൾക്ക് മാത്രം എന്ത് സംഭവിച്ചു? അതിൽ നീതി കിട്ടണമെനിക്ക്. ഫ്രണ്ട്സിന്റെ ഒപ്പമാണ് പോയത്. ആരൊക്കെയാണെന്ന് എനിക്കറിയില്ല. ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി ഒരു ട്രിപ്പ് പോകുന്നുവെന്നാണ് അവൾ പറഞ്ഞത്. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കണം.'' നിഷ്മയുടെ അമ്മ പറയുന്നു.
ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളെ കുറിച്ച് അറിയില്ല. മകൾക്ക് എന്തു പറ്റി എന്നറിയണം. ഒപ്പമുള്ളവര്‍ എല്ലാം രക്ഷപ്പെട്ടതിൽ അസ്വാഭാവികതയില്ലേ ? സ്വന്തം മകളുടെ വിയോഗത്തിൽ സത്യമറിയാൻ ശ്രമിക്കുകയാണ് അമ്മ ജസീല കണ്ണീരോടെ പറഞ്ഞു.
അതേസമയം, അറസ്റ്റിലായ റിസോര്‍ട്ട് മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവര്‍ നിലവിൽ റിമാൻഡിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അതിനിടെ, സമാന സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ ജാഗ്രതയിലാണ് ഇപ്പോൾ ജില്ലാ ഭരണകൂടം.
ഇതിനിടെ, ഹോം സ്റ്റേകളും റിസോര്‍ട്ടുകളുമായി ആയിരത്തോളം സ്ഥാപനങ്ങൾ ഉണ്ടെന്നാണ് ടൗൺ പ്ലാനര്‍ മൂന്ന് വര്‍ഷം മുമ്പ് നടത്തിയ പരിശോധനയിലെ കണ്ടെത്തൽ. ഇപ്പോൾ കൂടിയിട്ടുണ്ടാകും. അതിൽ എത്ര എണ്ണത്തിന് ലൈസൻസ് ഉണ്ട്. സുരക്ഷ സംവിധാനങ്ങളുണ്ട് തുടങ്ങിയവ തിരിച്ചറിയണം. സ്പെഷ്യൽ ഡ്രൈവ് നടത്താനാണ് നിലവിൽ തയ്യാറെടുപ്പ്.
ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് രണ്ടാഴ്ചത്തെ സാവകാശമുണ്ട്. അതിനിടയിൽ അനുമതികൾ നേടി പ്രവര്‍ത്തനം തുടരാം. മറിച്ചെങ്കിൽ കടുത്ത നടപടിയുണ്ടാകും. ഉരുൾപൊട്ടലിന് പിന്നാലെ, നിശ്ചലമായ വിനോദസഞ്ചാര മേഖല സജീവമായി വരുന്നേ ഉളളൂ. അതിനാൽ, ആശ്രയ മേഖലയ്ക്കും സഞ്ചാരികൾക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയാണ് പിന്തുടരുകയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.