സിനിമാ സ്റ്റൈലില്‍ പുറത്തുസ്‌കൂട്ടറുമായി കാത്തുനിന്ന് ഭാര്യ; പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി വന്ന ഭര്‍ത്താവുമായി എസ്‌കേപ്; ഒടുവില്‍ മയക്കുമരുന്ന് കേസില്‍ മുങ്ങിയ ദമ്പതികളെ തമിഴ്‌നാട്ടില്‍ ബസില്‍ നിന്ന് കയ്യോടെ പിടികൂടി കിളികൊല്ലൂര്‍ പൊലീസ്
പ്രതിയും രക്ഷപ്പെടാന്‍ സഹായിച്ച ഭാര്യയും പിടിയിലായി
കൊല്ലം: പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ മയക്കുമരുന്ന് കേസ് പ്രതിയും രക്ഷപ്പെടാന്‍ സഹായിച്ച ഭാര്യയും പിടിയിലായി. മയക്കുമരുന്ന് കേസില്‍ കരുതല്‍ തടങ്കലിലാക്കാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കിളികൊല്ലൂര്‍ കല്ലുതാഴം വയലില്‍ പുത്തന്‍വീട്ടില്‍ അജു മന്‍സൂര്‍(26) രക്ഷപ്പെട്ടത്.
ചൊവ്വാഴ്ചയാണ് കരുതല്‍ തങ്കലിലാക്കാന്‍ കിളികൊല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത അജു മന്‍സൂര്‍ സ്റ്റേഷനില്‍ രക്ഷപ്പെട്ടത്. ഇയാളെ രക്ഷപ്പെടാന്‍ ഭാര്യ ബിന്‍ഷയുടെ സഹായിച്ചു. തമിഴ്നാട് ധര്‍മ്മപുരിക്ക് സമീപം തോപ്പൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികള്‍ക്കായി പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ബസില്‍ സഞ്ചരിക്കുന്നതിനിടെ ഇരുവരെയും ധര്‍മപുരിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. ബസ് തടഞ്ഞുനിര്‍ത്തിയാണ് പോലീസിന്റെ ഷാഡോ ടീം രണ്ടുപേരെയും പിടികൂടിയതെന്നാണ് വിവരം. ഒട്ടേറെ മയക്കുമരുന്ന് കേസുകളില്‍ പ്രതിയായതിനാലാണ് ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.
കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചപ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. അജുവിന്റെ ഭാര്യ ബിന്‍ഷ സ്‌കൂട്ടറുമായി സ്റ്റേഷന്റെ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും സ്‌കൂട്ടറില്‍ കയറി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ബിന്‍ഷയും ഒട്ടേറെ ലഹരിക്കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം.