മകളുടെ പ്രണയ ബന്ധത്തില്‍ കടുത്ത എതിര്‍പ്പ്; മറ്റൊരു വിവാഹത്തിന് യുവതി വിസമ്മതിച്ചു; അച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത മകള്‍ തടാകത്തില്‍ മരിച്ച നിലയില്‍; നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് മൊഴി; മനഃപൂര്‍വ്വം തള്ളിയിട്ടതെന്ന് ആണ്‍സുഹൃത്ത്; സഹാനയുടേത് ദുരഭിമാനക്കൊലയോ? അന്വേഷണം തുടരുന്നു

പിതാവിനൊപ്പം പോകവേ സ്‌കൂട്ടര്‍ തടാകത്തിലേക്കു മറിഞ്ഞ് യുവതി മരിച്ചു

Update: 2025-02-14 06:31 GMT

ബംഗളൂരു: പിതാവിനൊപ്പം സ്‌കൂട്ടറില്‍ പോയ യുവതിയെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന ആരോപണവുമായി ആണ്‍സുഹൃത്ത്. രാമോഹള്ളി സ്വദേശിനി സഹാന(20)യുടെ മൃതദേഹം ഹുസ്‌കൂര്‍ തടാകത്തില്‍നിന്നാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. പിതാവ് രാമമൂര്‍ത്തിയുടെ കൂടെ യാത്ര ചെയ്യവേ, സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് തടാകത്തിലേക്കു മറിഞ്ഞെന്നാണ് ബന്ധുക്കള്‍ ഹെബ്ബഗോഡി പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന്, പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരണമെന്ന് പിതാവ് പൊലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഹൊസൂറിനടുത്ത ഹരോഹള്ളിയില്‍ താമസിക്കുന്ന രാമമൂര്‍ത്തിയുടെ മകള്‍ ആര്‍. സഹനയെയാണ് ബംഗളൂരുവിന് അടുത്ത് ഹുസ്‌കൂര്‍ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുചക്ര വാഹനം നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍, തങ്ങളുടെ ബന്ധത്തെ എതിര്‍ത്തതിനാല്‍ രാമമൂര്‍ത്തി സഹനയെ മനഃപൂര്‍വ്വം തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് സഹനയുടെ സുഹൃത്ത് നിധിന്‍ ആരോപിച്ചു.

സഹാനയുടെ കൂടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നിതിനാണ് യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരുടെയും പ്രണയത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വ്യത്യസ്ത ജാതിയില്‍പെട്ട ഇരുവരും തമ്മിലുള്ള പ്രണയം അംഗീകരിക്കില്ലെന്ന് രാമമൂര്‍ത്തി നേരത്തേതന്നെ നിതിനോട് പറഞ്ഞിരുന്നു. മറ്റൊരു യുവാവുമായി സഹാനയുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. അതിന് സഹാന തടസ്സം നിന്നതോടെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.

മാതാപിതാക്കള്‍ തങ്ങളുടെ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നും തങ്ങളുടെ പ്രണയം വീട്ടില്‍ അറിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഭവം നടന്നതെന്നും ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. തങ്ങളുടെ ബന്ധത്തെ എതിര്‍ത്ത രാമമൂര്‍ത്തി സഹനയെ മനഃപൂര്‍വ്വം തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് സുഹൃത്ത് ആരോപിച്ചു. സുഹൃത്തിന്റെ മൊഴിയെ തുടര്‍ന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞശേഷം ഞായറാഴ്ച രാത്രി ഉറങ്ങാന്‍ സാധിച്ചില്ലെന്നും ഇതുമൂലം വാഹനം ശരിയായി ഓടിക്കാന്‍ കഴിയാതെ അപകടത്തില്‍പെടുകയായിരുന്നുവെന്നും രാമമൂര്‍ത്തി ചോദ്യം ചെയ്യലില്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. നീന്തല്‍ അറിയാമായിരുന്നതിനാല്‍ താന്‍ രക്ഷപ്പെട്ടുവെന്നും മകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Tags:    

Similar News