വനിതാ ഡോക്ടറുമായി പരിചയത്തിലായത് ഡെങ്കി ബാധിച്ച് നാട്ടിലെത്തിയപ്പോൾ; ശാരീരികബന്ധത്തിൽ ഏർപ്പെടാനും വിവാഹം കഴിക്കാനും നിര്‍ബന്ധിച്ചത് യുവതി; ഫോണ്‍വിളി വിവരങ്ങളും സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെ തെളിവുകളും പോലീസിന് കൈമാറിയെന്ന് ടെക്കി യുവാവിന്റെ കുടുംബം; 28കാരിയുടെ ആത്മഹത്യയിൽ ട്വിസ്റ്റ്
സത്താറ: മഹാരാഷ്ട്രയിലെ സത്താറയിൽ യുവതിയായ വനിതാ ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേർ അറസ്റ്റിലായതോടെ ഗോപുരത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സബ് ഇൻസ്പെക്ടർ ഗോപാൽ ബദ്‌നെയും ഒരു ഐടി ജീവനക്കാരനായ യുവാവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റിലായ ടെക്കി യുവാവ് ഡോക്ടറുടെ വീട്ടുടമയുടെ മകനാണെന്നും ഇയാൾക്കെതിരെ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പിൽ ആരോപണങ്ങളുണ്ടെന്നും പോലീസ് അറിയിച്ചു.
പുണെയിലെ ഫാംഹൗസിൽ നിന്നല്ല ടെക്കി യുവാവിനെ അറസ്റ്റ് ചെയ്തതെന്ന ആരോപണങ്ങൾക്കിടെ, കീഴടങ്ങാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് യുവാവിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടർ സ്ഥിരമായി യുവാവിനെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു. യുവാവിന്റെ ഫോൺവിളി വിവരങ്ങളും സാമൂഹികമാധ്യമങ്ങളിലെ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഡെങ്കി ബാധിച്ച് നാട്ടിലെത്തിയ സഹോദരനെ ചികിത്സിച്ചത് ഡോക്ടറാണെന്നും, പിന്നീട് ഇരുവരും പരസ്പരം ഫോൺ നമ്പറുകൾ കൈമാറിയതായും സഹോദരി പറഞ്ഞു. 15 ദിവസം മുൻപ് ഡോക്ടർ സഹോദരനോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അദ്ദേഹം അത് നിരസിച്ചതായും അവർ വെളിപ്പെടുത്തി. വിവാഹം നടത്താൻ ഡോക്ടർ നിർബന്ധിച്ചിരുന്നതായും ശാരീരികബന്ധത്തിന് തയ്യാറാകാൻ സമ്മർദ്ദം ചെലുത്തിയതായും യുവാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ദീപാവലി ആഘോഷത്തിനിടെ ഡോക്ടറെ അസ്വസ്ഥയായി കണ്ടിരുന്നു. എന്നാല്‍, ജോലിസ്ഥലത്തെ പ്രശ്നങ്ങളായിരിക്കുമെന്നാണ് കരുതിയത്. അവള്‍ ഞങ്ങളുടെ കുടുംബത്തിലെ അംഗത്തെപ്പോലെയായിരുന്നു. എന്റെ അമ്മ സ്വന്തം മകളെപ്പോലെയാണ് ഡോക്ടറെ നോക്കിയിരുന്നതെന്നും യുവാവിന്റെ സഹോദരി പറഞ്ഞു. ഇരുവരുടെയും ഫോൺ വിളികൾ, ചാറ്റ് വിവരങ്ങൾ എന്നിവ പോലീസ് ശേഖരിച്ചുവരികയാണ്. സത്താറയിലെ ഫൽത്താനിലെ ആരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായിരുന്ന 26-കാരിയാണ് ജീവനൊടുക്കിയത്.
പൊലീസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്നും പരാതിപ്പെട്ടിട്ടും നീതി ലഭിച്ചില്ലെന്നും ഇടത് കൈപ്പത്തിയില്‍ ആത്മഹത്യകുറിപ്പെഴുതിയ ശേഷമാണ് യുവ ഡോക്ടര്‍ അത്മഹത്യ ചെയ്തത്. സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യുവതി ആരോപിച്ച സബ് ഇന്‍സപക്ടറെ സസ്‌പെന്റ് ചെയ്തിരുന്നു.
