പ്രധാനമന്ത്രിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്‌തെന്ന് ഐബി റിപ്പോര്‍ട്ട്; കൂടുതല്‍ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യും വരെ കാക്കാമെന്ന തീരുമാനം മാറ്റി; പാതിവില തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് പിന്നാലെ കേസെടുത്ത് ഇഡിയുടെ നിര്‍ണായക നീക്കം

പാതിവില തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് പിന്നാലെ കേസെടുത്ത് ഇഡിയുടെ നിര്‍ണായക നീക്കം

Update: 2025-02-11 17:23 GMT

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് പിന്നാലെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. ഇഡി കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്തെന്ന ഐബി റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. കൂടുതല്‍ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതുവരെ കാക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചാണ് ഇഡി നീക്കം.

തട്ടിപ്പിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നും അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയോ എന്നും ഇഡി പരിശോധിക്കും. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് ഇ.ഡിയുടെ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തേ പാതിവിലത്തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇ.ഡി കൂടുതല്‍ വിവരങ്ങളും രേഖകളും ശേഖരിച്ചിരുന്നു.

പാതിവിലത്തട്ടിപ്പില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് അടുത്തിടെയാണ് പുറത്തുവന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എറണാകുളം 11 കേസുകള്‍, ഇടുക്കി 11, ആലപ്പുഴ എട്ട്, കോട്ടയം മൂന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്ന കേസുകള്‍. ഇവ പോലീസ് സ്റ്റേഷനുകളില്‍ ആദ്യം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തവയാണ്.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാന്‍ ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടാണ് ഡിജിപിയുടെ ഉത്തരവ് പുറത്തുവന്നത്. കേസിലെ ഒന്നാം പ്രതി സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയുമായ ആനന്ദകുമാറും രണ്ടാം പ്രതി നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണനുമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുനമ്പം അന്വേഷണ കമ്മിഷന്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ മൂന്നാംപ്രതിയാക്കിയിരുന്നു. ക്രൈംബ്രാഞ്ച് സംഘത്തില്‍ നിന്ന് ഇ ഡി അന്വേഷണസംഘം വിവരങ്ങള്‍ തേടും. അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ കേസിന്റെ ഭാഗമായി ചോദ്യം ചെയ്യും.

Tags:    

Similar News