ഒമാനില്‍ നിന്നും കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് തുടരുന്നു; മലയാളികള്‍ നിയന്ത്രിക്കുന്ന റാക്കറ്റിന് രാസലഹരി കൈമാറുന്നത് ഒമാന്‍ പൗരന്‍മാര്‍; സ്ത്രീകളെ ഉപയോഗിച്ചു കടത്തും വര്‍ധിക്കുന്നു; അതിവേഗം പണം കണ്ടെത്താന്‍ ലഹരി മാഫിയയുടെ ഭാഗമായി യുവതികള്‍; ജോലി തേടി ഒമാനില്‍ പോയ സൂര്യ മടങ്ങിയെത്തിയത് നാലാം നാള്‍

ജോലി തേടി ഒമാനില്‍ പോയ സൂര്യ മടങ്ങിയെത്തിയത് നാലാം നാള്‍

Update: 2025-07-21 05:33 GMT

കോഴിക്കോട്: കേരളത്തിലേക്ക് ലഹരി ഒഴുകുന്നതിന്റെ പ്രധാന ഹബ്ബായി മാറുന്നത് ഒമാനാണ്. നിരവധി മലയാളികള്‍ ഉള്‍പ്പെടുന്ന റാക്കറ്റാണ് കേരളത്തിലേക്ക് ലഹരി ഒഴുക്കുന്നത്. മലയാളികള്‍ നിയന്ത്രിക്കുന്ന റാക്കറ്റിന് രാസലഹരി കൈമാറുന്നത് ഒമാന്‍ പൗരനാണെന്ന് നേരത്തെ കണ്ടെത്തിയരുന്നു. ഇതിന് പിന്നാലെ വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണസംഘത്തില്‍നിന്ന് വിവരം ശേഖരിക്കുന്നത്. നേരത്തെ മൂന്ന് മാസം മുമ്പും ഒമാന്‍ ബന്ധമുള്ള ലഹരി റാക്കറ്റ് പിടിയിലായിരുനന്നു. അന്ന് ഒമാനില്‍ ലഹരിഇടപാടിന് ചുക്കാന്‍പിടിച്ച മലപ്പുറം സ്വദേശിയെ അറസ്റ്റുചെയ്തു. ഇതോടെ ഒമാന്‍ ലഹരിക്കടത്ത് സംഘം പൊലീസ് വലയിലായി. എന്നാല്‍, മറ്റു സംഘങ്ങള്‍ ഇതോടെ അവിടെ തഴച്ചുവളരുന്നു എന്നാണ് ലഭിക്കുന്ന സൂചനകള്‍.

കഴിഞ്ഞ മാര്‍ച്ചില്‍ നെടിയിരുപ്പിലെ പ്രവാസിയുടെ വീട്ടില്‍നിന്ന് ഒന്നരക്കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ലഹരി മരുന്നെത്തിയത് ഒമാനില്‍നിന്നായിരുന്നു. പത്തനംതിട്ട സ്വദേശിയായ യുവതിയെ വിമാനത്താവളത്തില്‍നിന്ന് ഞായറാഴ്ച പിടികൂടിയതും ഒമാനില്‍നിന്നു കൊണ്ടുവന്ന ഒരു കിലോയോളം എംഡിഎംഎയുമായി. കേരളത്തില്‍ കണ്ണികളുള്ള അന്താരാഷ്ട്ര രാസലഹരിമാഫിയയുടെ ഹബ്ബായി ഒമാന്‍ മാറുകയാണെന്ന സംശയം കൂടുതല്‍ ശക്തമാകുകയാണ്.

എറണാകുളത്തെ ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് നെടിയിരുപ്പ് മുക്കൂട് മുള്ളന്‍ മടത്തില്‍ ആഷിഖിന്റെ വീട്ടില്‍നിന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഒന്നരക്കിലോ എംഡിഎംഎ പിടികൂടിയത്. ഒമാനില്‍നിന്ന് കാര്‍ഗോയില്‍ ചെന്നൈ വിമാനത്താവളത്തിലൂടെയാണ് ലഹരിവസ്തു വീട്ടിലെത്തിച്ചത്. ഒമാനില്‍ നിന്ന് കടത്തിയ എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെ എറണാകുളത്ത് മട്ടാഞ്ചേരി, പള്ളുരുത്തി, ആലുവ, ഫോര്‍ട്ട് കൊച്ചി, പനങ്ങാട് പോലീസ് സ്റ്റേഷനുകളിലും എക്സൈസും പത്തോളംപേരെ പിടികൂടിയതിന്റെ തുടര്‍ച്ചയായാണ് കൊണ്ടോട്ടിയില്‍ പരിശോധന നടന്നത്. നാട്ടിലെത്തിയ ആഷിഖിനെ പിന്നീട് പോലീസ് പിടികൂടി. ഇയാളുടെ ഇവിടത്തെ രണ്ടു കൂട്ടാളികളെയും പിടികൂടിയിരുന്നു.

സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് കരിപ്പൂരില്‍ തുടരുകയാണ്. 40 കോടി രൂപയോളം വിലമതിക്കുന്ന ലഹരി മരുന്നുകളുമായി മൂന്നു യുവതികളെ മേയ് 14-നാണ് പിടികൂടിയത്. ചെന്നൈ സ്വദേശി റാബിയത് സൈദു സൈനുദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശി കവിത രാജേഷ്‌കുമാര്‍ (40), തൃശ്ശൂര്‍ സ്വദേശി സിമി ബാലകൃഷ്ണന്‍ (39) എന്നിവരെയാണ് എയര്‍ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്‌ലാന്‍ഡ് നിര്‍മിതമായ 15 കിലോയോളം തൂക്കംവരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് പിടികൂടിയത്. തായ്‌ലാന്‍ഡില്‍നിന്നുള്ള എയര്‍ ഏഷ്യ വിമാനത്തിലാണ് മൂവരും കരിപ്പൂരെത്തിയിരുന്നത്.

രഹസ്യ വിവരത്തെത്തുടര്‍ന്ന് മൂവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. യുവതികള്‍ തായ്‌ലാന്‍ഡില്‍ നിന്ന് ക്വലാലംപുര്‍ വഴിയാണ് കോഴിക്കോട്ട് ഇറങ്ങിയത്. ഇതിന് തൊട്ടുതലേന്നാണ് അബുദാബിയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോയോളം ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തില്‍ പിടികൂടിയത്. വിമാനത്താവള പരിസരത്തും ലഹരിമാഫിയ പിടിമുറുക്കുന്നുണ്ട്. കഴിഞ്ഞ പുതുവത്സര ആഘോഷത്തിന് വില്‍ക്കാനായി എത്തിച്ച എംഡിഎംഎയുമായി ജനുവരി ഒന്നിന് സംഘത്തെ പോലീസ് പിടികൂടിയിരുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശികളായ നാലു യുവാക്കളാണ് അന്ന് പിടിയിലായത്.

മസ്‌കറ്റില്‍നിന്ന് മിഠായി പായ്ക്കറ്റില്‍ ഒളിപ്പിച്ച ഒരുകിലോയോളം എംഡിഎംഎയുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിയായ യുവതിയാണ് ഇന്നലെ അറസ്റ്റിലായത്. ഇവരെ സ്വീകരിച്ച് എംഡിഎംഎ കൊണ്ടുപോകാനെത്തിയ മൂന്നുപേരും കരിപ്പൂര്‍ പോലീസിന്റെ പിടിയിലായി. എംഡിഎംഎയുമായി എത്തിയ പത്തനംതിട്ട വാഴമുട്ടം നെല്ലിവയലില്‍ സൂര്യ (31), ഇവരെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂര്‍ ചോന്നാരി അലി അക്ബര്‍ (32), പരുത്തിക്കോട് മതിലഞ്ചേരി മുഹമ്മദ് റാഫി (37), മൂന്നിയൂര്‍ ചട്ടിപ്പുറത്ത് സഫീര്‍ (30) എന്നിവരാണു പിടിയിലായത്.

ഞായറാഴ്ച രാവിലെ 9.15-നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ സൂര്യ കരിപ്പൂരിലിറങ്ങിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ലഗ്ഗേജില്‍ മിഠായി പായ്ക്കറ്റില്‍ ഒളിപ്പിച്ചനിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

പിടിയിലായ പത്തനംതിട്ട സ്വദേശി സൂര്യയെ ചോദ്യം ചെയ്തതില്‍ നിന്നാണ് രാജ്യത്തിന് പുറത്ത് നിന്നും കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചിരിക്കുന്നത്. നാലുദിവസം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ ഇക്കഴിഞ്ഞ ജൂലൈ 16 നാണ് ജോലി തേടി സൂര്യ ഒമാനില്‍ പോയത്. കണ്ണൂര്‍ സ്വദേശിയായ പരിചയക്കാരന്‍ നൗഫലായിരുന്നു ഒമാനിലുണ്ടായിരുന്ന ബന്ധം. നാലാംദിവസം സൂര്യ നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് നൗഫല്‍ കയ്യിലൊരു ബാഗ് കൊടുത്തുവിട്ടു.

കരിപ്പൂരില്‍ നിന്ന് അത് സ്വീകരിക്കാന്‍ ആളെത്തുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ, കാത്തിരുന്നവരില്‍ പൊലീസും ഉണ്ടാകുമെന്ന് സൂര്യ സ്വപ്നത്തില്‍ പോലും കരുതിയില്ല. പരപ്പനങ്ങാടി മൂന്നിയൂര്‍ സ്വദേശികളായ മുഹമ്മദ് റാഫി, അലി അക്ബര്‍, ഷഫീഖ് എന്നിവരാണ് വിമാനത്താവളത്തിന് പുറത്ത് രണ്ട് കാറുകളിലായി സൂര്യയെ കാത്ത് നിന്നത്. സൂര്യയുടെ കൈയില്‍ നിന്നും എംഡിഎംഎ വാങ്ങുക, സൂര്യയെ കോഴിക്കോട് റയില്‍വെ സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ ഇവരുടെ വാഹനം കണ്ട് കരിപ്പൂര്‍ പൊലീസിന് തോന്നിയ സംശയമാണ് നിര്‍ണായക അറസ്റ്റിലേക്ക് എത്തിച്ചത്.

Tags:    

Similar News