ശരീരം മുഴുവൻ പേടിപ്പെടുത്തുന്ന രീതിയിൽ നീല നിറമായി; സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ മാരക മുറിവുകൾ; മോഡലിന്റെ മരണത്തിൽ അടിമുടി ദുരൂഹത; പിന്നിൽ അവൻ തന്നെയെന്ന് കരഞ്ഞ് പറഞ്ഞ് കുടുംബം; ലിവ് ഇന്‍ പങ്കാളിയെ തപ്പി പോലീസ്
ഭോപാൽ: സ്വകാര്യ ഭാഗങ്ങളിലും ശരീരമാസകലും ഗുരുതരമായ മുറിവുകളോടെ യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം കാമുകൻ കടന്നുകളഞ്ഞു. ചികിത്സയിലിരിക്കെ യുവതി പിന്നീട് മരണപ്പെട്ടു. മധ്യപ്രദേശിലെ ഭോപാലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 27 കാരിയായ മോഡൽ ഖുശ്ബു ആഹിർവാർ ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ശരീരമാസകലം നീലനിറത്തിൽ കാണപ്പെട്ട നിലയിലാണ് ഖുശ്ബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനും ലിവ്-ഇൻ പങ്കാളിയുമായ ഖാസിമിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെയോടെയാണ് ഖാസിം ഖുശ്ബുവിനെ സെഹോറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ യുവതി മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതിനിടെ, യുവതിയെ കൊണ്ടുവന്ന യുവാവ് ആശുപത്രിയിൽ നിന്ന് മുങ്ങിക്കളഞ്ഞതായും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന്, ആശുപത്രി അധികൃതർ പോലീസിന് വിവരം കൈമാറുകയായിരുന്നു.
മകളുടെ മരണത്തിൽ കാമുകനായ ഖാസിമിനെതിരെ ശക്തമായ ആരോപണവുമായി ഖുശ്ബുവിന്റെ അമ്മ ലക്ഷ്മി രംഗത്തെത്തിയിട്ടുണ്ട്. മകളുടെ ശരീരമാസകലം നീലനിറത്തിലായിരുന്നുവെന്നും സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ രൂക്ഷമായ മുറിവുകളുണ്ടായിരുന്നുവെന്നും അമ്മയും സഹോദരിയും മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇരുവരും കുറച്ചുകാലമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നുവെന്നും മരണത്തിന് പിന്നിൽ ഖാസിമിന് പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. നീതി ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഖുശ്ബുവും ഖാസിമും തമ്മിൽ നല്ല ബന്ധത്തിലായിരുന്നുവെന്ന് മകൾ തങ്ങളോട് പറഞ്ഞിരുന്നതായും കുടുംബം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഇരുവരും ഒരുമിച്ച് യാത്ര പോകുന്നുണ്ടെന്ന കാര്യം ഖാസിം തന്നെ അറിയിച്ചിരുന്നതായും കുടുംബാംഗങ്ങൾ കൂട്ടിച്ചേർത്തു.
സംഭവവുമായി ബന്ധപ്പെട്ട് ഖാസിമിനെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. യുവതിയെ ക്രൂരമായി ആക്രമിച്ചിരിക്കാം എന്ന് മൃതദേഹത്തിലെ മുറിവുകൾ നൽകുന്ന സൂചനകൾ വ്യക്തമാക്കുന്നു. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് വ്യക്തത ലഭിക്കൂ. സംഭവത്തിന്റെ എല്ലാ കോണുകളിൽ നിന്നും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
