പാതിരാത്രി മുറിക്കുള്ളിൽ ഭയങ്കര ബഹളം; ആരെയും ഉറങ്ങാൻ സമ്മതിക്കാതെ ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്ത് പാർട്ടി; ശബ്ദം ഒന്ന് കുറയ്ക്കാൻ പറഞ്ഞിട്ടും കേട്ടില്ല; ശല്യം സഹിക്കാൻ കഴിയാതെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതും യുവതിയുടെ അതിരുവിട്ട പ്രവർത്തി; ആകെ പേടിച്ചുപോയ ആ 21കാരി ചെയ്തത്

Update: 2025-12-15 10:42 GMT

ബംഗളൂരു: ബംഗളൂരുവിൽ ഹോട്ടൽ ബാൽക്കണിയിൽ നിന്ന് ഡ്രെയിനേജ് പൈപ്പിലൂടെ താഴേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ 21 വയസുള്ള യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ബ്രൂക്ക്ഫീൽഡിലെ സീ എസ്റ്റ ലോഡ്ജിലാണ് സംഭവം. ശബ്ദശല്യം സംബന്ധിച്ച പരാതിയെ തുടർന്ന് പോലീസ് ഹോട്ടലിൽ എത്തിയപ്പോൾ പരിഭ്രാന്തയായ യുവതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഈ അപകടമുണ്ടായത്.

യുവതിയും ഏഴ് സുഹൃത്തുക്കളും ചേർന്ന് പാർട്ടി നടത്തുന്നതിനായി ലോഡ്ജിൽ മൂന്ന് മുറികൾ ബുക്ക് ചെയ്തിരുന്നു. പുലർച്ചെ ഒരു മണി മുതൽ അഞ്ച് മണി വരെ നീണ്ട പാർട്ടിയുടെ ഉച്ചത്തിലുള്ള ശബ്ദം കാരണം സമീപവാസികൾ 112 ഹെൽപ്പ് ലൈനിൽ വിളിച്ച് പോലീസിനെ വിവരമറിയിച്ചു.

തുടർന്ന് ലോഡ്ജിലെത്തിയ പോലീസ് സംഘത്തെ ശാസിക്കുകയും ശബ്ദശല്യം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടതായി ആരോപണമുയർന്നെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പോലീസ് ഇടപെടലിന് ശേഷം, നാലാം നിലയിലെ മുറിയിൽ നിന്ന് ബാൽക്കണിയിലെ ഡ്രെയിനേജ് പൈപ്പിലൂടെ താഴേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവതി കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ പിതാവ് ആന്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സീ എസ്റ്റ ലോഡ്ജ് ഉടമക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ബാൽക്കണിയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നാണ് ലോഡ്ജ് മാനേജ്‌മെന്റിനെതിരെയുള്ള പ്രധാന ആരോപണം.

സംഭവത്തിൽ യുവതിയുടെ സുഹൃത്തുക്കൾ, ലോഡ്ജ് ജീവനക്കാർ, സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ ചോദ്യം ചെയ്യണമെന്നും നീതി ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News