11 വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനം തീവച്ചു നശിപ്പിച്ചു; കേസ് വിചാരണയ്ക്ക് വന്നപ്പോള്‍ ഹാജരാകാന്‍ മടി; പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയ സിപിഎം നേതാക്കള്‍ റിമാന്‍ഡില്‍
വാറണ്ട് ചെന്നിട്ടും മൈന്‍ഡില്ല
അടൂര്‍: പതിനൊന്നു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനം കത്തിച്ച കേസില്‍ വിചാരണയ്ക്ക് എത്താതെ വിട്ടു നില്‍ക്കുകയും കോടതി വാറണ്ട് അയച്ചിട്ടും ഗൗനിക്കാതിരിക്കുകയും ചെയ്ത രണ്ടു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്തു.
സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും ഏനാദിമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ മാരൂര്‍ പ്ലാവിള വടക്കേതില്‍ ശങ്കര്‍ രാജ് (ശങ്കര്‍ മാരൂര്‍-31), ഒഴുകു പാറ കൈലാസം ജിതിന്‍ (31) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. 2013 ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം. ഈ കേസില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും വിചാരണയ്ക്ക് കൃത്യമായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. എന്നിട്ടും ഹാജരാകാതെ വന്നപ്പോള്‍ ഏനാത്ത് പോലീസ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പുതുവല്‍ മേലേ വീട്ടില്‍ ബാബുവിന്റെ കാര്‍ പോര്‍ച്ചില്‍ വച്ചിരുന്ന ബൈക്ക് കത്തിച്ചുവെന്നതാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ജിജോയുടെ വീട്ടില്‍ കിടന്നിരുന്ന വാനും അന്ന് ഇവരുടെ കൂട്ടാളികള്‍ കത്തിച്ചിരുന്നു. ജിജോ.യുടെ സുഹൃത്താണ് പരാതിക്കാരനായ ബാബു. രാഷ്ട്രീയ വൈരാഗ്യമായിരുന്നു പിന്നില്‍.
പാര്‍ട്ടി നിയോഗിച്ച വക്കീലിന്റെ ജൂനിയറാണ് ഇവര്‍ക്ക് വേണ്ടി ഹാജരായതെന്ന് പറയുന്നു. സാധാരണ ഇത്തരം വാറണ്ട് കേസുകളില്‍ കോടതി ജാമ്യം നല്‍കുന്ന പതിവുണ്ട്. പക്ഷേ, ഇവിടെ കോടതി കര്‍ശന നിലപാട് എടുക്കുകയായിരുന്നു.