ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാവില്ല; കാലതാമസം നേരിടുന്ന ചില കേസുകളില്‍ കോടതിയെ സമീപിക്കാം; രാഷ്ട്രപതിയുടെ റഫറന്‍സില്‍ വാദം കേള്‍ക്കവേ വാക്കാല്‍ സുപ്രധാന നിരീക്ഷണം നടത്തി സുപ്രീം കോടതി ഭരണഘടനാ ബഞ്ച്
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുടെ റഫറന്‍സിലാണ് കോടതിയുടെ ഈ നിരീക്ഷണം. കാലതാമസം നേരിടുന്ന ചില കേസുകളില്‍ കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയ കോടതി, ഇതിന്റെ പേരില്‍ അധികാരങ്ങള്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്നും പരാമര്‍ശിച്ചു.
രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. റഫറന്‍സിനെ അനുകൂലിക്കുന്നവരുടെ വാദം പൂര്‍ത്തിയായി. തമിഴ്‌നാടും കേരളവും എതിര്‍വാദം ഉന്നയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍, ബില്ലുകളില്‍ ആറുമാസത്തോളം തീരുമാനം വൈകുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ പ്രധാന കണ്ണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു ഭരണഘടനാ സ്ഥാപനം തങ്ങളുടെ ചുമതലകള്‍ നിറവേറ്റുന്നില്ലെങ്കില്‍, മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് അവര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഈ വാദവും കോടതി ഇന്ന് പരിഗണിച്ചു. ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം ഏറെ നിര്‍ണായകമാണ്.