ജാമ്യം കിട്ടിയത് കൊണ്ട് പി പി ദിവ്യ നിരപരാധിയാകുന്നില്ല; നീതിക്കായുള്ള നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ നിയമപോരാട്ടത്തിന് പൂര്‍ണപിന്തുണ; പാലക്കാട് പെട്ടിവിവാദം സി.പി.എം പൂട്ടിക്കെട്ടിയെന്നും കെ സുധാകരന്‍
ജാമ്യം കിട്ടിയത് കൊണ്ട് പി പി ദിവ്യ നിരപരാധിയാകുന്നില്ല
തൃശൂര്‍: ജാമ്യം ലഭിച്ചത് കൊണ്ട് പി.പി. ദിവ്യ നിരപരാധിയാകുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സി.പി.എം അങ്ങനെ കരുതേണ്ടതില്ല. കേസിന്റെ വസ്തുതകള്‍ പരിശോധിച്ചല്ല, മറ്റു ചിലകാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്. അത് സ്വാഭാവിക നടപടിയാണ്. ജാമ്യം കിട്ടിയത് കൊണ്ട് കേസില്‍ നിന്ന് മോചിതയായിട്ടില്ല. നിരപരാധിത്വം തെളിയിക്കുമെന്നത് പി.പി. ദിവ്യയുടെ മാത്രം ആത്മവിശ്വാസമാണ്. നീതിക്കായി എ.ഡി.എമ്മിന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.
പി.പി. ദിവ്യ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തെ നിസ്സാരവത്കരിക്കാന്‍ എല്‍.ഡി.എഫും സര്‍ക്കാരും ശ്രമിച്ചാല്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. പൊലീസിന്റെ അന്വേഷണത്തില്‍ സത്യം തെളിയില്ല. അവരുടെ കൈകള്‍ ബന്ധിച്ചാണ് അന്വേഷണത്തിന് വിട്ടത്. ദിവ്യയെ സംരക്ഷിക്കുന്നത് പൊലീസാണ്. ഒളിവില്‍ കഴിയാനും കീഴടങ്ങാനും സൗകര്യം നല്‍കിയതും ഇതേ പൊലീസാണ്. ഈ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ സാധ്യതകള്‍ പരിശോധിക്കും.
ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത് തന്നെ പരസ്യമായ കുറ്റസമ്മതമാണ്. ദിവ്യ തെറ്റുചെയ്‌തെന്ന ബോധ്യം സി.പി.എമ്മിനുണ്ട്. കുറ്റബോധത്താലാണ് എം.വി. ഗോവിന്ദന്‍ ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന പ്രതികരണം നടത്തിയത്. കുറ്റം ചെയ്ത ദിവ്യ ശിക്ഷിക്കപ്പെടണം. അതിനാവശ്യമായ നടപടികള്‍ ഉണ്ടാകണം -സുധാകരന്‍ പറഞ്ഞു.
പാലക്കാട് പെട്ടിവിവാദം സി.പി.എം പൂട്ടിക്കെട്ടിയെന്ന് സുധാകരന്‍ പറഞ്ഞു. സി.പി.എം നേതൃത്വത്തിന് തന്നെ ഈ വിഷയത്തില്‍ രണ്ടഭിപ്രായമാണ്. കാമ്പും കഴമ്പുമില്ലാത്ത ആരോപണമാണ് സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായി ഉന്നയിച്ചത്. യാഥാര്‍ഥ്യം തെല്ലുമില്ലാത്തിനാല്‍ അത് അവരെ ഇപ്പോള്‍ തിരിഞ്ഞ് കൊത്തുകയാണ്.
പാലക്കാട് യു.ഡി.എഫിന്റെ മത്സരം എല്‍.ഡി.എഫിനും ബി.ജെ.പിക്കുമെതിരെയാണ്. സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായിട്ടാണ് യു.ഡി.എഫിനെ നേരിടുന്നതെന്ന് സുധാകരന്‍ പറഞ്ഞു.