കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പേ വിഷബാധയെ തുടര്‍ന്ന് മരിച്ചവര്‍ 49 പേര്‍; 26 പേര്‍ക്ക് രോഗം പകരാന്‍ കാരണം തെരുവ് നായ്ക്കളില്‍ നിന്ന്; ഹൈക്കോടതിയെ അറിയിച്ച് സര്‍ക്കാര്‍

Update: 2025-08-21 04:55 GMT

കൊച്ചി: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് പേ വിഷബാധയെ തുടര്‍ന്ന് 49 പേര്‍ മരണപ്പെട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മരിച്ചവരില്‍ 26 പേര്‍ക്ക് രോഗം പകരാന്‍ കാരണമായത് തെരുവുനായകളാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

2024-ല്‍ 26 പേ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, 2025-ല്‍ ഇതുവരെ 23 പേര്‍ മരിച്ചിട്ടുണ്ട്. ഇത്തവണത്തെ മരണങ്ങളില്‍ 11 പേര്‍ക്ക് തെരുവുനായ കടിയേറ്റതാണെന്നും 10 പേര്‍ക്ക് വളര്‍ത്തുപട്ടികളുടെ കടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂച്ചകളുടെ കടിയേറ്റ് മൂന്നു പേരും പേ വിഷബാധയ്ക്ക് ഇരയായിട്ടുണ്ട്.

2024 ആഗസ്റ്റ് മുതല്‍ 2025 ജൂലൈ വരെയുള്ള കാലയളവില്‍ 3.63 ലക്ഷം പേര്‍ക്ക് നായ കടിയേറ്റതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 99,323 പേരെ തെരുവുനായകളാണ് കടിച്ചതെന്ന് തദ്ദേശവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. തെരുവുനായകളെ നിയന്ത്രിക്കുന്നതിനായി ഉത്തരവിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ ഈ വിവരം കോടതിയില്‍ വെളിപ്പെടുത്തിയത്.

Tags:    

Similar News