സീബ്രാ ലൈൻ മുറിച്ച് കടക്കവെ അപകടം; അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ വയോധികനെ ഇടിച്ചുതെറിപ്പിച്ചു; മുഖത്ത് പരിക്ക്; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ സീബ്രാ ലൈൻ മുറിച്ച് കടക്കുകയായിരുന്ന വയോധികനെ ഇടിച്ചുതെറിപ്പിച്ചു. മുഖത്ത് പരിക്കേറ്റ വയോധികനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അലക്ഷ്യമായി അമിതവേഗതയിൽ എത്തി വയോധികനെ ഇടിച്ച ശേഷം നിർത്താതെ പാഞ്ഞ ഓട്ടോറിക്ഷക്കായി പോലീസ് അന്വേഷണം തുടങ്ങി. ആൽത്തറ ജംഗ്ഷൻ അനിഴത്തിൽ കേന്ദ്ര പോലീസ് സേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്ന ഗോപി(81) ആണ് അപകടത്തിൽപ്പെട്ടത്.
മലയിൻകീഴ് പാപ്പനംകോട് റോഡിൽ ആൽത്തറ ജംഗ്ഷനിൽ റോഡ് ആണ് മുറിച്ച് കടക്കവേ ആണ് അപകടം നടന്നത്. അമിത വേഗതയിൽ കൊടും വളവിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ഓട്ടോറിക്ഷ വയോധികനെ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.
വാഹനത്തിന്‍റെ വരവ് കണ്ടു സീബ്രാ ലൈൽ തന്നെ പകച്ചു നിൽക്കുകയായിരുന്നു ഗോപി. നിമിഷങ്ങൾക്കുള്ളിൽ ഓട്ടോ ഗോപിയെ ഇടിച്ചിട്ട ശേഷം കടന്നു പോവുകയായിരിന്നു.
അപകടത്തിൽ മുറിവേറ്റ് ഗോപിയുടെ മുഖത്ത് അഞ്ചോളം തുന്നൽ ഉണ്ട്. പാപ്പനംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ആണ് അപകടം ഉണ്ടാക്കിയത്. മലയിൻകീഴ് സ്വദേശിയുടേതാണ് വാഹനമെന്നാണ് പ്രാഥമിക നിഗമനം.