പൂസായി പ്ലാറ്റ് ഫോമിലൂടെ ഓട്ടോ റേസിംഗ്; ട്രാക്കിലേക്ക് മറിഞ്ഞ വണ്ടിയില്‍ വന്ദേഭാരത് ഇടിച്ചു; വര്‍ക്കല അകത്തുമുറിയില്‍ തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം; ഡ്രൈവര്‍ സിബി കസ്റ്റഡിയില്‍; യാത്രക്കാര്‍ വലഞ്ഞത് ഒരു മണിക്കൂര്‍

വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ചു

Update: 2025-12-23 18:28 GMT

വര്‍ക്കല: കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് വര്‍ക്കലയ്ക്ക് സമീപം അകത്തുമുറിയില്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ അമിതവേഗതയില്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസ് ഒരു മണിക്കൂറോളം സ്ഥലത്ത് നിര്‍ത്തിയിടേണ്ടി വന്നു.

അപകടം നടന്നത് വര്‍ക്കലയ്ക്ക് അടുത്തുള്ള അകത്തുമുറി റെയില്‍വേ സ്റ്റേഷനിലാണ്. സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലൂടെ അമിതവേഗത്തില്‍ ഓട്ടോറിക്ഷ ഓടിക്കുകയും അത് ട്രാക്കിലേക്ക് മറിയുകയുമായിരുന്നു. ഈ സമയം കടന്നുവന്ന വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട ഓട്ടോ ഡ്രൈവര്‍ സിബി (28) നെ റെയില്‍വേ സംരക്ഷണ സേന (RPF) കസ്റ്റഡിയിലെടുത്തു.

അപകടസമയത്ത് ഡ്രൈവര്‍ സിബി മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. പ്ലാറ്റ്ഫോമിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റിയത് വലിയ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. ഭാഗ്യവശാല്‍ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ക്കോ ഡ്രൈവര്‍ക്കോ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ ട്രാക്കില്‍ നിന്ന് നീക്കം ചെയ്ത ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ഏകദേശം ഒരു മണിക്കൂറോളം ട്രെയിന്‍ വൈകിയത് യാത്രക്കാരെ വലച്ചു. സംഭവത്തില്‍ റെയില്‍വേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News