നിയന്ത്രണം തെറ്റിയെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം മകൾക്ക് മരുന്ന് വാങ്ങാൻ പോകുന്നതിനിടെ; സംഭവം ഇടുക്കിയിൽ
ഇടുക്കി: മകള്‍ക്ക് മരുന്ന് വാങ്ങാനായി മെഡിക്കല്‍ സ്‌റ്റോറിലേയ്ക്ക് പോയ യുവാവ് കാറിടിച്ച് മരിച്ചു. രാജാക്കാട് എന്‍ ആര്‍ സിറ്റി മുട്ടിമറ്റത്തില്‍ ബിനീഷ് (43) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രി മകള്‍ക്ക് മരുന്നു വാങ്ങാനായി രാജാക്കാടിന് വരുന്ന വഴി രാജാക്കാട് മാങ്ങാത്തൊട്ടി കവലയില്‍ വച്ച് നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് പരുക്കേല്‍ക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനിഷിനെ സമീപത്തെ വ്യാപാരികളും,നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു.
തുടര്‍ന്ന് പാലാ ചേര്‍പ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. രാജാക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.