ശക്തമായ കാറ്റിലും മഴയിലും പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ അപകടം; പോസ്റ്റ് ദേഹത്തേക്ക് മറിഞ്ഞ് കരാര്‍ തൊഴിലാളിക്് ദാരുണാന്ത്യം

Update: 2025-07-23 23:42 GMT

ഹരിപ്പാട്: ശക്തമായ കാറ്റില്‍ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ അപകടമുണ്ടായി. പോസ്റ്റ് മറിഞ്ഞ് ദേഹത്ത് വീണ് കരാര്‍ തൊഴിലാളിയായ അനില്‍ കുമാര്‍ (45) മരണപ്പെട്ടു. ചങ്ങനാശേരി കോട്ടമുറി തൃക്കൊടിത്താനം പുതുപറമ്പില്‍ ഭാസ്‌കരന്റെയും ജഗദമ്മയുടെയും മകനാണ് മരിച്ചത്.

അപകടം നടന്നത് കെ.എസ്.ഇ.ബി കരുവാറ്റ സെക്ഷന്‍ പരിധിയിലെ ആനാരി വടക്ക് പ്രതിഭ ജംഗ്ഷന് പടിഞ്ഞാറ് ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാനായി കുഴിയെടുത്ത സമയത്താണ് അപകടം സംഭവിച്ചത്. കുഴിയെടുത്തതിനെ തുടര്‍ന്ന് പോസ്റ്റ് അനില്‍കുമാറിന്റെ മേല്‍ പതിച്ചു. ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജോലി ചെയ്യുന്നതിനിടെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന ആരോപണവും ശക്തമാണ്. അപകടത്തിന് ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സഹപ്രവര്‍ത്തകരും നാട്ടുകാരും മുന്നോട്ട് വന്നിട്ടുണ്ട്. മൃതദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ദീപ. മക്കള്‍: ശ്രീലക്ഷ്മി, ശ്രീദേവ്. മരുമകന്‍: ബിനു ദാസ്.

Tags:    

Similar News