ഓണ്‍ലൈനിൽ ചായപ്പൊടി കച്ചവടം; പക്ഷേ കൊറിയർ വരുമ്പോൾ കിട്ടുന്നത് മറ്റൊന്ന്; വീട് വളഞ്ഞുള്ള പരിശോധനയിൽ മുറി മുഴുവൻ ലഹരി; പ്രതിയെ കൈയ്യോടെ പൊക്കി
കോഴിക്കോട്: ഓൺലൈനായി ചായപ്പൊടി കച്ചവടം നടത്തിയിരുന്ന യുവാവിനെ ലഹരിക്കടത്ത് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ചായപ്പൊടി എന്ന വ്യാജേന ലഹരി വസ്തുക്കൾ കൊറിയർ വഴി വിതരണം ചെയ്യുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി വട്ടിക്കുന്നുമ്മൽ മുഹമ്മദ് ഡാനിഷ് (28) ആണ് പിടിയിലായത്.
പോലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 2.69 ഗ്രാം എം.ഡി.എം.എയും ലഹരി ഉപയോഗിക്കുന്നതിനുള്ള 340 ഓളം പൈപ്പുകളും (ബോംഗുകൾ) കണ്ടെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഡാനിഷിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത്. ചായപ്പൊടി കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപ്പന പതിവാക്കിയതായും പോലീസ് കണ്ടെത്തി.
സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും കൊടുവള്ളി പോലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ രാജീവ് ബാബു, എ.എസ്.ഐ ജയരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിനീഷ്, രതീഷ് കുമാർ, ഹനീഷ്, ഷിജു, കൊടുവള്ളി എസ്.ഐ വിനീത് വിജയൻ, സി.പി.ഒ എം.കെ. ഷിജു, രമ്യ, വാസു എന്നിവരടങ്ങുന്ന സംഘമാണ് ഡാനിഷിനെ വലയിലാക്കിയത്.