റേഷന്‍കടയിൽ അനാവശ്യമായി ബഹളം വച്ചത് ചോദ്യം ചെയ്തു; 58-കാരനെ പൊതിരെ തല്ലി യുവാക്കൾ; രണ്ട് പേർ അറസ്റ്റിൽ
കൊല്ലം: റേഷന്‍കടയിൽ മസ്റ്ററിങ് നടക്കുന്നതിനിടെ വാക്ക് തർക്കത്തെ തുടർന്ന് 58-കാരനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ, ഞക്കനാല്‍ അനന്തുഭവനത്തില്‍ അനന്തു (28), ഓച്ചിറ പായിക്കുഴി രഞ്ജുഭവനത്തില്‍ അനു (27) എന്നിവരെയാണ് ഓച്ചിറ പോലീസ് പിടികൂടിയത്.
ഓച്ചിറ പായിക്കുഴി സ്വദേശിയായ സുഗതനെ(58)യാണ് പ്രതികള്‍ ചേര്‍ന്ന് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ 24-ന് നാലിന് പായിക്കുഴി തോപ്പില്‍മുക്കിലെ റേഷന്‍കടയില്‍ മസ്റ്ററിങ്ങിന് എത്തിയതായിരുന്നു ആക്രമണത്തിന് ഇരയായ സുഗതന്.
ഈ സമയം അവിടെ എത്തിയ പ്രതികള്‍ അനാവശ്യമായി ബഹളമുണ്ടാക്കിയപ്പോള്‍ വിവരം പോലീസില്‍ അറിയിക്കാന്‍ കടയുടമയോട് സുഗതന് പറഞ്ഞു.
ഈ വിരോധത്തില്‍ പ്രതികള്‍ സുഗതനുമായി വാക്ക് തർക്കം ഉണ്ടായി. തുടര്‍ന്ന് കമ്പിവടി ഉപയോഗിച്ച് മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പിടിച്ചുമാറ്റാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ ഭാര്യയേയും ഇവര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. പ്രതികള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണെന്ന് ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ സുജാതന്‍ പിള്ള അറിയിച്ചു.