നടുറോഡിൽ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കൂട്ടുകാരോടൊപ്പം ജംഗ്ഷനിൽ നിന്ന യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. യുവാവിനെ പെട്രൊൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തുമ്പ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട പള്ളിത്തുറ പുതുവൽ പുരയിടം വീട്ടിൽ ഡാനി റെച്ചൻസി(32)നെ ആണ് പോലീസ് പിടികൂടി.
സ്റ്റേഷൻകടവ് സ്വദേശിയായ ഷാജിയെ പള്ളിത്തുറ ജംഗ്ഷനിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം 6.40 ഓടെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താനാണ് ഡാനി ശ്രമിച്ചത്. സുഹൃത്തിനോടൊപ്പം പള്ളിത്തുറ ജംഗ്ഷനിൽ നിന്ന ഷാജിയെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്.
കൈയ്യിൽ കരുതിയിരുന്ന കന്നാസിലെ പെട്രോൾ മുഴുവൻ ഡാനി യുവാവിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഡാനിയുടെ കൈയ്യിലുണ്ടായിരുന്ന തീപ്പെട്ടി ഷാജിയുടെ സുഹൃത്ത് പിടിച്ച് വാങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവം ആള് മാറി ചെയ്തതെന്നാണ് ഡാനി പോലീസിനോട് പറഞ്ഞിരിക്കുന്നത്.
സംഭവത്തിന് പിന്നാലെ ഷാജി തുമ്പ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത തുമ്പ പോലിസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.