എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ; കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി; വ്യാഴാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ

Update: 2024-10-15 11:31 GMT

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഹർത്താൽ ആചരിക്കാൻ ബിജെപി നേതൃത്വം തീരുമാനിക്കുന്നത്. സംഭവത്തിൽ പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബിജെപി ഹർത്താൽ ആചരിക്കുന്നത്. അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ, എഡിഎമ്മിൻ്റെ മരണത്തിന് പിന്നിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ക്ഷണിക്കാതെയാണ് യാത്രയയപ്പ് ചടങ്ങിനെത്തിയതെന്നും, അഴിമതിക്ക് തങ്ങളുടെ കൂടെ നിൽക്കാത്ത ഒരു ഉദ്യോഗസ്ഥനെ ബോധപ്പൂർവ്വം പരസ്യമായി ആക്ഷേപിക്കുയായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ജില്ലാപഞ്ചായത്ത് സ്ഥാനം രാജിവെച്ച് പി.പി. ദിവ്യ നിയമനടപടി നേരിടണമെന്നും ആത്മഹത്യാപ്രേരണക്കും നരഹത്യക്കും കേസ്സെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

Tags:    

Similar News