വിനോദസഞ്ചാരത്തിനിടെ ആലപ്പുഴ ബീച്ചില്‍ തെരുവുനായ്ക്കളുടെ ആക്രമണം; ഫ്രഞ്ച് വനിതയുടെ രണ്ട് കാലിനും കടിയേറ്റു; രക്ഷിച്ചത് കരച്ചില്‍ കേട്ട് ഓടിയെത്തിയ ലൈഫ് ഗാര്‍ഡുകള്‍; ആശുപത്രിയിലെത്തിച്ച് വാക്‌സിന്‍ നല്‍കി

Update: 2025-04-08 04:28 GMT
വിനോദസഞ്ചാരത്തിനിടെ ആലപ്പുഴ ബീച്ചില്‍ തെരുവുനായ്ക്കളുടെ ആക്രമണം; ഫ്രഞ്ച് വനിതയുടെ രണ്ട് കാലിനും കടിയേറ്റു; രക്ഷിച്ചത് കരച്ചില്‍ കേട്ട് ഓടിയെത്തിയ ലൈഫ് ഗാര്‍ഡുകള്‍; ആശുപത്രിയിലെത്തിച്ച് വാക്‌സിന്‍ നല്‍കി
  • whatsapp icon

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ സന്ദര്‍ശനത്തിന് എത്തിയ വിദേശ വനിതയ്ക്ക് തെരുവ് നായ് ആക്രമണം. ഫ്രഞ്ച് സ്വദേശി 55 വയസ്സുള്ള കെസ്‌നോട്ട് എന്ന വനിതയ്ക്കാണ് ബീച്ചല്‍ വച്ച് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കെസ്‌നോട്ടിന്റെ ഇരുകാലുകളിലും കടിയേറ്റിട്ടുണ്ട്. ബീച്ചിലുണ്ടായിരുന്ന ലൈഫ്ഗാര്‍ഡ് സി.എ. അനില്‍കുമാറാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിന്നും പ്രതിരോധ കുത്തിവയ്പ് നടത്തി.

ഫ്രാന്‍സില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുന്ന കെസ്‌നോട്ട് ഒറ്റയ്ക്കാണ് കേരളത്തിലേക്ക് വന്നത്. നായയുടെ ആദ്യ കടിയേറ്റ് കരഞ്ഞുകൊണ്ട് ഓടുന്നതിനിടെയാണ് രണ്ടാമത്തെ കാലിലും കടിയേറ്റത്. ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിയ ലൈഫ്ഗാര്‍ഡുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കരച്ചില്‍ കേട്ട് ലൈഫ് ഗാര്‍ഡുമാര്‍ ഓടിയെത്തിയാണു രക്ഷിച്ചത്. അടുത്ത കുത്തിവയ്പുകള്‍ 10, 20, മേയ് 5 തീയതികളിലാണ്. മേയ് 5ന് നെടുമ്പാശേരിയില്‍ നിന്നു നാട്ടിലേക്ക് തിരികെ പോകേണ്ടതിനാല്‍ 4ന് കുത്തിവയ്പ് എടുക്കാന്‍ ഡോക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ 11.45ന് വിജയ് ബീച്ചിനു വടക്കു ഭാഗത്തുവച്ചായിരുന്നു നായ്ക്കള്‍ കടിച്ചത്.

ബീച്ചില്‍ തെരുവുനായ്ക്കള്‍ കൂട്ടമായി വിഹരിക്കുന്നതും, കുട്ടികള്‍ കളിക്കുന്ന ഭാഗങ്ങളിലും പൊതുയോഗ വേദികളിലും ഇത്തരമൊരു കാഴ്ച പതിവായി മാറിയതും പ്രദേശവാസികളെ ആശങ്കയില്‍ ആക്കി. കഴിഞ്ഞ ഞായറാഴ്ച നടന്ന ജനകീയ സമ്മേളനത്തിനിടെ നായ്ക്കള്‍ കൂട്ടമായി സ്റ്റേജില്‍ കയറി വന്നത് പരിപാടിയെ തടസ്സപ്പെടുത്തി. സംഭവം ഉടനെ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, നിലവില്‍ അധികൃതര്‍ സജീവ നടപടി സ്വീകരിച്ചിട്ടില്ലെന്നതിലാണ് പൊതുജനങ്ങളുടെ വലിയ ആക്ഷേപം.

Tags:    

Similar News