മൂവായിരം രൂപയെങ്കിലും കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിന് അനുകൂല തീരുമാനമില്ല; വേതനം പരിഷ്‌കരിക്കാന്‍ കമ്മീഷനെ വയ്ക്കാമെന്ന് അനുരഞ്ജന നിര്‍ദ്ദേശം; ആശ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ മന്ത്രിതല ചര്‍ച്ച നാളെയും തുടരും

ആശ പ്രവര്‍ത്തകരുടെ സമരം തീര്‍ക്കാന്‍ മന്ത്രി തലചര്‍ച്ച നാളെയും തുടരും

Update: 2025-04-03 13:16 GMT

തിരുവനന്തപുരം: ആശ പ്രവര്‍ത്തകരുടെ സമരം തീര്‍ക്കാന്‍ മന്ത്രി തലചര്‍ച്ച നാളെയും തുടരും. വേതനം പരിഷ്‌കരിക്കുന്നതിന് കമ്മീഷനെ വെക്കുന്നതടക്കം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിലടക്കം ട്രേഡ് യൂണിയനുകളുടെ സമവായം ഉണ്ടാക്കാനാണ് ശ്രമം. ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ ചര്‍ച്ചക്ക് ശേഷം ഇന്ന് മന്ത്രി തലത്തിലും വീണ്ടും ചര്‍ച്ച നടത്തി. ഇന്ന് നടന്ന ചര്‍ച്ചയില്‍ ധനമന്ത്രിയും ഓണ്‍ലൈനായി പങ്കെടുത്തെങ്കിലും രണ്ട് മിനിറ്റ് നേരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സമര സമിതി നേതാവ് ബിന്ദു പ്രതികരിച്ചു.

രണ്ട് ചര്‍ച്ചയിലേയും പോലെ ഒരു തീരുമാനവും ഇന്നും ഉണ്ടായില്ലെന്ന് സമര സമിതി നേതാവ് മിനി പ്രതികരിച്ചു. കമ്മീഷനെ വെക്കുന്നതിനെ സമര സമിതി ഒഴികെ ബാക്കി യൂണിയനുകള്‍ അംഗീകരിച്ചു. രണ്ട് മാസത്തിന് ശേഷം കമ്മിറ്റിയെ വെക്കാമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കമ്മീഷനെ വെക്കാമെന്നാണ് പറയുന്നത്.

സമരക്കാരുടെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍വമായ നിലപാടില്ല. മൂവായിരം രൂപയെങ്കിലും കൂട്ടൂ എന്ന് പറഞ്ഞിട്ട് പോലും തീരുമാനമായില്ലെന്നും സമരക്കാര്‍ പ്രതികരിച്ചു. ഓണറേറിയം വര്‍ദ്ധനയിലും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കും കമ്മിറ്റി ആവശ്യമില്ലെന്ന് സമരക്കാര്‍ നിലപാടെടുത്തു. ഓണറേറിയം 21000 രൂപയാക്കണമെന്ന് പിടിവാശി ഇല്ല. 3000 രൂപ കൂട്ടി 10000 ആക്കണമെന്ന് പറഞ്ഞിട്ടും അനുകൂല നിലപാടില്ലെന്നും സമരക്കാര്‍ പ്രതികരിച്ചു.

Tags:    

Similar News