റീൽസ് എടുക്കുന്നതിനിടെ അപകടം; നിയന്ത്രണം വിട്ടെത്തിയ ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്; ബൈക്ക് പൂർണമായി തകർന്നു; പിന്നാലെ മുന്നറിയിപ്പും..!
പത്തനംതിട്ട: നിയന്ത്രണം തെറ്റിയെത്തിയ ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. റീൽസ് ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക് പറ്റുകയും ചെയ്തു. തിരുവല്ല മുത്തൂർ - മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം നാലംഗ കൗമാരക്കാരുടെ സംഘം നടത്തിയ റീൽസ് ചിത്രീകരണത്തിനിടെയാണ് അപകടം നടന്നത്.
പാഞ്ഞെത്തിയ ബൈക്ക് ഓട്ടോയിൽ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർ സണ്ണിക്ക് പരിക്കേറ്റു. അദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് പൂർണമായും തകരുകയും ചെയ്തു. ഈ പ്രദേശത്തെ റോഡ് പുനർനിർമിച്ചതിനു ശേഷം റീൽസെടുക്കാൻ യുവാക്കളുടെ തിരക്കാണെന്ന് നാട്ടുകാർ പറയുന്നു.
മറ്റ് വാഹനങ്ങളിലെ യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വലിയ ഭീഷണിയാണിത്. പിന്നാലെ 'ഈ റോഡിൽ ഇരുചക്ര വാഹനത്തിൽ റീൽസെടുക്കുന്നവന്‍റെ കയ്യും കാലും തല്ലിയൊടിക്കു'മെന്ന ബാനർ ഓട്ടോറിക്ഷാ തൊഴിലാളികൾ സ്ഥാപിക്കുകയും ചെയ്തു. ബൈക്ക് ഓടിച്ചയാളെയും സുഹൃത്തുക്കളെയും നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. രണ്ട് പേർ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.