യാത്രാമധ്യേ പ്രസവവേദന കടുത്തു; പിന്നാലെ ആംബുലൻസിൽ തന്നെ സൗകര്യമൊരുക്കി നൽകി ജീവനക്കാർ; യുവതിക്ക് സുഖപ്രസവം; സംഭവം കോഴിക്കോട്
കോഴിക്കോട്: പ്രസവവേദനയുമായി ആശുപത്രിയിലേക്ക് ആംബുലൻസിൽ പോകുന്നതിനിടെ അതിഥി തൊഴിലാളിയായ യുവതിക്ക് സുഖപ്രസവം. ഒടുവിൽ അമ്മയ്ക്കും കുഞ്ഞിനും കനിവ് 108 ആംബുലൻസ് ജീവനക്കാരാണ് രക്ഷകരായത്. അസം സ്വദേശിയും കോഴിക്കോട് മുക്കം കുമാരനല്ലൂർ മുരിങ്ങപുറായി മസ്ജിദിന് സമീപം താമസിക്കുന്ന19 കാരിയാണ് ആംബുലൻസിനുള്ളിൽ പ്രസവിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രാഗേഷ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് യുവതിക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ആംബുലൻസിൽ തന്നെ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.
ഒടുവിൽ യുവതി 11.10ന് ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. പിന്നീട് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അമ്മയെയും കുഞ്ഞിനേയും മാറ്റുകയും ചെയ്തു. ജീവനക്കാരുടെ ഇടപെടലിൽ അധികൃതർ അഭിനന്ദിക്കുകയും ചെയ്തു.