സ്വകാര്യ ഫാമില്‍ നിന്നും 14 പോത്തുകളെ വാങ്ങി; വ്യാജചെക്ക് നല്‍കി തട്ടിപ്പ്; ബാങ്കില്‍ ചെന്നപ്പോള്‍ ഇത് പതിവു തട്ടിപ്പുകാരനെന്ന് മാനേജര്‍; വ്യാജചെക്കു നല്‍കി കബളിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വ്യാജചെക്കു നല്‍കി കബളിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
അടൂര്‍: അഗ്രിക്കള്‍ച്ചറല്‍ ഫാമില്‍ നിന്നും 14 പോത്തുകളെ 7,15,000 രൂപ വില സമ്മതിച്ച് വാങ്ങിക്കൊണ്ടു പോയ ശേഷം, വ്യാജചെക്കു നല്‍കി കബളിപ്പിച്ച കേസില്‍ രണ്ടുപേര്‍ ഏനാത്ത് പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ തില്ലങ്കേരി കരിന്ത വീട്ടില്‍ തായത്ത് അലി ( 56), ഒറ്റപ്പാലം ചളവറ കളത്തുംപടീക്കല്‍ വീട്ടില്‍ സത്താര്‍ ( 40) എന്നിവരാണ് അറസ്റ്റിലായത്. ഏനാത്ത് കെ.എസ്. ബംഗ്ലാവില്‍ സ്ലീബാ കോശി ( 69) യുടെ ഉടമസ്ഥതയിലുള്ള ഫാം കിഴക്കുപുറത്താണ് പ്രവര്‍ത്തിക്കുന്നത്.
മാര്‍ച്ച് 27 ന് വൈകിട്ട് അഞ്ചിന് പ്രതികള്‍ പോത്തുകളെ വാങ്ങി കൊണ്ടുപോയ ശേഷം പണം നല്‍കാതെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതായാണ് കേസ്. ലോറികളില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ ഫാമിലെ ജീവനക്കാരനും കൂടെ പോയിരുന്നു. ഇവയെ ഇറക്കിയ ശേഷം അലി മാവേലിക്കരയിലെ ഒരു ബാങ്കിലെ ചെക്ക് ജീവനക്കാരന് കൈമാറുകയായിരുന്നു.
നെറ്റ് വര്‍ക്ക് തകരാറിലായതിനാല്‍ പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞതാണ് ചെക്ക് നല്‍കിയത്. വിവരം ഫോണില്‍ വിളിച്ച് അറിയിച്ചത് വിശ്വസിച്ച് ചെക്ക് വാങ്ങി വരാന്‍ ജീവനക്കാരനോട് ഫാം ഉടമ നിര്‍ദേശിച്ചു. പിറ്റേന്ന് ബാങ്കിലെത്തി പണം മാറി എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്.
തായിത്ത് അലിയുടെ ഒപ്പുകണ്ട ബാങ്ക് മാനേജര്‍, ഇയാള്‍ ഇത്തരത്തില്‍ മുമ്പും തട്ടിപ്പ് നടത്തിയിട്ടുള്ളതായി തിരിച്ചറിഞ്ഞു. അലിക്ക് വേണ്ടി രണ്ടാം പ്രതിയാണ് പോത്തുകളെ ആവശ്യപ്പെട്ട് ഉടമയെ ബന്ധപ്പെട്ടത്. ഉടമ ഫാമിന്റെ യൂട്യൂബിലിട്ട വീഡിയോ കണ്ടാണ് സത്താര്‍ അലിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് തട്ടിപ്പിനു കൂട്ടുനിന്നത്. എസ് ഐ ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.