കണമല അട്ടിവളവിൽ വീണ്ടും അപകടം; ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സീറ്റിനുള്ളിൽ കുടുങ്ങി; നാല് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം: ശബരിമല പാതയിൽ കണമല അട്ടിവളവിൽ തീർഥാടക ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. തമിഴ്നാട് മധുര സ്വദേശികളായ രാജ് കുമാർ (35), മുനിയാണ്ടി (62), അംബിക (53, കരുമലൈ (58) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കണമല അട്ടിവളവിലാണ് അപകടം നടന്നത്. ശബരിമലയിലേക്ക് പോയ തീർഥാടക മിനി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് എതിരെ വന്ന തീർഥാടക ബസിൽ ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സീറ്റിനുള്ളിൽ കുടുങ്ങിപോയ ഡ്രൈവറെ ബസിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അദ്ദേഹത്തിന്റെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി. ബാക്കി ഉള്ളവരെ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ശബരിമല ദര്‍ശനത്തിനായി മധുര ജില്ലയില്‍ നിന്ന് വന്ന തീര്‍ഥാടകരും ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ശിവഗംഗ ജില്ലയില്‍ നിന്ന് വന്നവര്‍ സഞ്ചരിച്ചിരുന്ന ബസുകളുമാണ് കൂട്ടിയിടിച്ചത്. ഒരു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു. കനത്ത മഴയ്ക്കിടെയാണ് അപകടം ഉണ്ടായത്. ഫയര്‍ ഫോഴ്‌സ് എത്തി ജെ.സി.ബി ഉപയോഗിച്ച് ഇരുവാഹനങ്ങളും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
അതേസമയം, എരുമേലി - പമ്പ പാതയിൽ കണമല അട്ടിവളവിൽ പതിവായി അപകടം നടക്കുന്ന സ്ഥലമാണ്. ശബരിമല തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽ പെടുന്നത്. ഒരു കിലോമീറ്റർ ദൂരം കുത്തിറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുന്നത് പതിവാണ്.