പോലിസ് ഉദ്യോഗസ്ഥന്‍മാരെ തെരുവില്‍ അടിക്കുമെന്ന് ഭീഷണി; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കെതിരെ കേസെടുത്തു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കെതിരെ കേസെടുത്തു

Update: 2024-12-24 13:37 GMT

കണ്ണൂര്‍: പൊലിസ് ഉദ്യോഗസ്ഥന്‍മാരെ തെരുവില്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച്ച പകല്‍ കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അബിന്‍ വര്‍ക്കി ഭീഷണി മുഴക്കി കൊണ്ടുള്ള പരാമര്‍ശം നടത്തിയത്.

പി.ശശിയുടെ നിര്‍ദ്ദേശപ്രകാരം ഇനിയും സമരം ചെയ്യുന്ന കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിക്കുകയും കള്ള കേസെടുക്കുകയും ചെയ്യാന്‍ ശ്രമിച്ചാല്‍ കണ്ണൂര്‍ എ.സി.പി. ടി.കെ രത്‌നകുമാറിനെയും കണ്ണൂര്‍ ടൗണ്‍ സി. ഐ ശ്രീജിത്ത് കോടെരിയെയും തെരുവില്‍ അടിക്കുമെന്നായിരുന്നു അബിന്‍ വര്‍ക്കിയുടെ മുന്നറിയിപ്പ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞു കൊണ്ട് വിമര്‍ശിക്കുന്നത് പൊലിസ് കേസെടുക്കുമെന്ന് അറിഞ്ഞിട്ട് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

തോട്ടട ഐ.ടി.ഐ സംഘര്‍ഷത്തില്‍ ആശുപത്രിയില്‍ കിടക്കുന്ന കെ.എസ്.യു ജില്ലാ ഭാരവാഹി അര്‍ജുന്‍ കോറോത്തിനെതിരെ എസ്.പി. ഓഫിസ് മാര്‍ച്ചില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് പൊലിസ് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് അബിന്‍ വര്‍ക്കി പൊലിസിനെ വെല്ലുവിളിച്ചത്. എന്നും പി.ശശി ഭരിക്കുമെന്ന ധാരണ ഈ രണ്ട് ഉദ്യോഗസ്ഥന്‍മാര്‍ക്ക് വേണ്ടെന്നും നിന്റെയൊക്കെ പെന്‍ഷന്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും കിട്ടുന്ന നക്കാപ്പിച്ച യായി വാങ്ങേണ്ടി വരുമെന്നായിരുന്നു അബിന്‍ വര്‍ക്കിയുടെ മുന്നറിയിപ്പ്. കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി ഷമീലിന്റെ പരാതിയിലാണ് കേസെടുത്തത്.

തോട്ടട ഗവ. ഐ.ടി ഐ യിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ കെ.എസ്.യു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വ്യാപകമായി മര്‍ദ്ദനമേറ്റിരുന്നു. നട്ടെല്ലിനും കഴുത്തിനും പരുക്കേറ്റ നേതാക്കളും പ്രവര്‍ത്തകരും തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇതിനിടെ വ്യാപകമായ അക്രമവും പൊലിസിനെതിരെ കൈയ്യേറ്റവും നടന്നു. നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുക്കുകയും 13 കെ.എസ്.യു നേതാക്കളെ അറസ്റ്റുചെയ്യുകയും ചെയ്തു അറസ്റ്റിലായ നേതാക്കള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Tags:    

Similar News