ഉമ്മന്‍ ചാണ്ടി ഒരു കല്ല് മാത്രമേ ഇട്ടുള്ളൂവെന്ന് സിപിഎം പറയുന്നത് പച്ചക്കള്ളം; പല അനുമതികളും വാങ്ങിയെടുത്തത് അദ്ദേഹമെന്ന് ചാണ്ടി ഉമ്മന്‍
ഉമ്മന്‍ ചാണ്ടി ഒരു കല്ല് മാത്രമേ ഇട്ടുള്ളൂവെന്ന് സിപിഎം പറയുന്നത് പച്ചക്കള്ളം;
കോട്ടയം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്ന ഈ ദിവസം ചരിത്രമാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും എം എല്‍ എയുമായ ചാണ്ടി ഉമ്മന്‍. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പല അനുമതികളും വാങ്ങിയെടുത്തത് ഉമ്മന്‍ ചാണ്ടിയാണെന്നും അദ്ദേഹം ഒരു കല്ല് മാത്രമേ ഇട്ടുള്ളൂവെന്ന് സി പി എം പറയുന്നത് പച്ചക്കള്ളമാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും സി പി എം ഭയപ്പെടുന്നു. അതിനാലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കമ്മിഷനിംഗ് ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം, വിഴിഞ്ഞം തുറമുഖം കമ്മിഷനിംഗിനോടനുബന്ധിച്ച് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്ഭവനില്‍ താമസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.30ന് ഹെലികോപ്ടറില്‍ വിഴിഞ്ഞത്തെത്തും. എം എസ് സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിച്ച ശേഷം തുറമുഖത്തിന്റെ പ്രവര്‍ത്തന സൗകര്യങ്ങള്‍ നോക്കിക്കാണും.
തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.ഒന്നര മണിക്കൂറാണ് കമ്മിഷനിംഗ് ചടങ്ങ്. 12.30ന് ചടങ്ങ് പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങും. പതിനായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കും. തമ്പാനൂരില്‍ നിന്നും കിഴക്കേകോട്ടയില്‍ നിന്നും കെ എസ് ആര്‍ ടി സി വിഴിഞ്ഞത്തേക്ക് പ്രത്യേക സര്‍വീസ് നടത്തും.