വഖഫ് ബില്ലിന്റെ പേരില്‍ സംസ്ഥാനത്ത് തീവ്ര വര്‍ഗ്ഗീയ വിഭജനത്തിന് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നീക്കം; മുനമ്പത്ത് വഖഫ് ബില്‍ പാസാക്കിയത് കൊണ്ട് എന്തുനേട്ടം? സിനിമ നടനെ പോലെയല്ല കേന്ദ്രമന്ത്രി സ്ഥാനമെന്ന് സുരേഷ് ഗോപി മറക്കരുതെന്നും ചെന്നിത്ത

വഖഫ് ബില്ലിന്റെ പേരില്‍ സംസ്ഥാനത്ത് തീവ്ര വര്‍ഗ്ഗീയ വിഭജനത്തിന് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നീക്കം

Update: 2025-04-05 11:23 GMT

തിരുവനന്തപുരം: കേരളത്തില്‍ തീവ്ര വര്‍ഗീയ വിഭജനത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നുവെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ഗീയത ആളികത്തിക്കാനുള്ള ബിജെപിയുടെ ശ്രമം എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്ലിന്റെ പേരില്‍ ചേരിതിരിവ് ശക്തമാക്കാനാണ് നീക്കമെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

'മുന്‍കാല പ്രാബല്യമില്ലാതെ വഖഫ് ബില്‍ പാസാക്കിയതിന്റെ അടിസ്ഥാനത്തില്‍ എന്ത് നേട്ടമാണ് മുനമ്പത്തെ ജനങ്ങള്‍ക്കുണ്ടാകുന്നതെന്ന് കേന്ദ്ര ഗവണ്‍മെന്റോ ബിജെപിയോ വ്യക്തമാക്കുന്നില്ല. പക്ഷേ, വികാരം ആളികത്തിച്ചുകൊണ്ട് ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ് ബിജെപിയ്ക്കും സംസ്ഥാന അധ്യക്ഷനും ഉള്ളത്. അത് കേരളത്തില്‍ വിലപോകാന്‍ പോകുന്നില്ല', രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സിനിമ നടന്‍ എന്നതുപോലെയല്ല കേന്ദ്രമന്ത്രി സ്ഥാനമെന്നും അത് സുരേഷ് ഗോപി മറക്കരുതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. കേന്ദ്രമന്ത്രിയെന്ന നിലയ്ക്ക് സുരേഷ് ഗോപിക്ക് മാധ്യമങ്ങളോട് ഉത്തരവാദിത്വമുണ്ട്. മാധ്യമങ്ങളോട് സുരേഷ് ഗോപി കുറച്ചുകൂടി സൗമ്യനായി പെരുമാറണമെന്നും പൊതുജനങ്ങളുടെ പ്രതിനിധിയാണ് കേന്ദ്രമന്ത്രിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News