എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബൈക്കില്‍ തട്ടികൊണ്ടുപോയി മര്‍ദിച്ചു; സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മൂന്ന് പേര്‍ പിടിയില്‍

വിദ്യാര്‍ഥിയെ ബൈക്കില്‍ തട്ടികൊണ്ടുപോയി മര്‍ദിച്ചു

Update: 2025-03-25 17:58 GMT

മലപ്പുറം: എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബൈക്കില്‍ തട്ടികൊണ്ടുപോയി മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേര്‍ പിടിയിലായി. പൊന്നാനി സ്വദേശികളായ മുബഷീര്‍ (19), മുഹമ്മദ് ജസീല്‍ (18) എന്നിവരെ കൂടാതെ പൊന്നാനി സ്വദേശിയായ 17 വയസുകാരനും അടക്കം മൂന്നു പേരെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എടപ്പാള്‍ പൊന്നാനി റോഡില്‍ വച്ച് കുറ്റിപ്പാല സ്വദേശിയായ പതിനെട്ടുകാരനോട് സംഘം സഹപാഠിയായ വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. നമ്പര്‍ കൈയില്ലില്ലെന്ന് പറഞ്ഞതോടെ കൈവശം കരുതിയ

വടിവാളെടുത്തു സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ഓടിരക്ഷപ്പെട്ട വിദ്യാര്‍ഥിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഇവര്‍ ബൈക്കില്‍ കയറ്റി പൊന്നാനി ഭാഗത്തേക്ക് പോയി. ഇതിനിടെ മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ എടുത്ത് പോലീസിന് കൈമാറി. സ്ഥലത്തെത്തിയ ചങ്ങരംകുളം പോലീസ് അക്രമിസംഘത്തെ പിന്തുടര്‍ന്നു.

പോലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ ഇവര്‍ യുവാവിനെ പൊന്നാനി ഐശ്വര്യ തിയറ്ററിനടുത്ത് ഇറക്കിവിട്ട് രക്ഷപ്പെട്ടു. ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ ലഹരി സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ മൂന്ന് പേരെയും പോലീസ് പിടികൂടിയത്. കൗമാരക്കാരായ സംഘം ലഹരി ഉപഭോക്താക്കളും ഇടപാടുകാരും ആണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മുഹമ്മദ് ജസീല്‍ നേരത്തെ പൊന്നാനിയില്‍ പോലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാണ്.

Tags:    

Similar News