സന്നിധാനത്ത് അയ്യനെ ഒരു നോക്ക് കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്; ഇതുവരെ ദർശനം നടത്തിയത് 75463 ഭക്തരെന്ന് കണക്കുകൾ; വൻ സുരക്ഷയൊരുക്കി പോലീസ്

Update: 2025-12-09 15:32 GMT

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇന്ന് (ഡിസംബർ 9, 2025) വൈകുന്നേരം ആറ് മണി വരെ 75,463 ഭക്തരാണ് ദർശനം നടത്തിയത്. ദർശനം സുഗമമാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കുന്നതിനാൽ ഭക്തർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ മലകയറാൻ സാധിക്കുന്നുണ്ട്.

ഇന്ന് ഇതുവരെ ഏഴായിരത്തിലധികം ആളുകൾക്ക് സ്പോട്ട് ബുക്കിംഗ് വഴിയും പ്രവേശനം നൽകിയിട്ടുണ്ട്. തിരക്ക് അനുസരിച്ച് പമ്പയിൽ നിന്നും നിലയ്ക്കലിൽ നിന്നും തീർത്ഥാടകരെ ബാച്ചുകളായാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇന്നലെ ഒരു ലക്ഷത്തിലധികം പേർ ദർശനം നടത്തിയിരുന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് നടന്ന വോട്ടെടുപ്പാണ് ഭക്തരുടെ ഇന്നത്തെ എണ്ണത്തിൽ നേരിയ കുറവുണ്ടാകാൻ കാരണമായതെന്ന് പോലീസ് വിലയിരുത്തുന്നു.

അതേസമയം, സത്രം-പുല്ലുമേട് വഴിയുള്ള ഭക്തരുടെ പ്രവേശന സമയത്തിൽ ഇന്ന് മുതൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ഉച്ചയ്ക്ക് ഒരുമണിവരെ പ്രവേശനം അനുവദിച്ചിരുന്നത് ഇപ്പോൾ രാവിലെ 7 മണി മുതൽ 12 മണി വരെയായി പരിമിതപ്പെടുത്തി. ഒരു മണിക്ക് യാത്ര തുടങ്ങുന്നവർ സന്നിധാനത്ത് എത്താൻ വൈകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് ഈ പുതിയ നിയന്ത്രണം.

Tags:    

Similar News