ഒടുവിൽ ആശ്വാസ വാർത്ത..; ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് ഭീഷണി മാറി; മുന്നറിയിപ്പ് പിൻവലിച്ചു; കേരളത്തിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; അറിയാം..
തിരുവനന്തപുരം: ജനങ്ങൾക്ക് ഒടുവിൽ ആശ്വാസ വാർത്ത. ബംഗാൾ ഉൾക്കടലിൽ നേരെത്തെ പ്രഖ്യാപിച്ചിരുന്ന ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചതായി റിപ്പോർട്ടുകൾ. നാളെ രാവിലെ വരെ അതിതീവ്ര ന്യുനമർദ്ദമായും തുടർന്ന് വൈകുന്നേരത്തോടെ തീവ്ര ന്യുനമർദ്ദമായി ശക്തി കുറയുമെന്ന സാഹചര്യത്തിലാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്ത് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ തീവ്ര ന്യുനമർദ്ദമായി കരയിൽ പ്രവേശിക്കാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതിന്റെ ഫലമായി കേരളത്തിലടക്കം ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. ഇത് പ്രകാരം ശനിയാഴ്ച തൃശൂർ, മലപ്പുറം ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇതിനൊപ്പം തന്നെ ശനിയാഴ്ച പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.