ശബരിമല മകരവിളക്ക്: ഇടുക്കിയിലെ 5 പഞ്ചായത്തുകളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

Update: 2026-01-13 14:35 GMT

ശബരിമല: മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, പെരുവന്താനം, കൊക്കയാർ എന്നീ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ അവധി ബാധകമല്ല.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു. കൂടാതെ, മകരവിളക്ക് തീർത്ഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ അധിക സർവീസുകളും ഏർപ്പെടുത്തി. പത്തനംതിട്ട ജില്ലയിൽ മകരവിളക്ക് പ്രമാണിച്ച് നാളെ പ്രാദേശിക അവധിയായിരിക്കും.

ജില്ലാ കളക്ടർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ അവധി ബാധകമല്ല.

മകരവിളക്ക് ഉത്സവകാലത്ത് ശബരിമല തീർത്ഥാടകർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന് ഇന്ത്യൻ റെയിൽവേ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കൊല്ലം – കാക്കിനട ടൗൺ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ചരളാപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ എന്നിവയുൾപ്പെടെയുള്ള അധിക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു.

Tags:    

Similar News