കണ്ണിൽ കണ്ടവരെയെല്ലാം ഇടിച്ചുതെറിപ്പിച്ചു; ബൈക്കിനെയും വെറുതെ വിട്ടില്ല; എറണാകുളത്ത് മദ്യലഹരിയിൽ മൂന്നുപേരുടെ കാർ യാത്ര; വൈറലായി ദൃശ്യങ്ങൾ

Update: 2025-08-26 11:16 GMT

കൊച്ചി: എറണാകുളത്ത് മദ്യലഹരിയിൽ നിയന്ത്രണം വിട്ട് അപകടകരമായ രീതിയിൽ കാറോടിച്ച മൂന്നംഗ സംഘം നിരവധിപേരെ ഇടിച്ചുതെറിപ്പിച്ചു. ചെമ്പ് മുക്ക് മുതൽ അത്താണി വരെ അമിത വേഗതയിൽ കാറോടിച്ച സംഘം കാൽനടയാത്രക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയും ഇടിച്ചു വീഴ്ത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവം.

തൃശ്ശൂർ സ്വദേശി സൂര്യനാരായണൻ ഉൾപ്പെടെ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടയാത്രയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അത്താണിയിൽ വെച്ച് നാട്ടുകാർ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ഇതിൽ രണ്ട് പേരുടെ കാൽ ഒടിഞ്ഞതായും റിപ്പോർട്ടുണ്ട്. ഒരു ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാരനെയും ഇവർ ഇടിച്ചുതെറിപ്പിച്ചു.

സംഘാംഗങ്ങൾ മറ്റ് രാസലഹരികൾ ഉപയോഗിക്കുന്നുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. നിലവിൽ സൂര്യനാരായണനെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിലൂടെ അപകടകരമായ രീതിയിൽ ഓടിച്ച ഈ സംഘം വലിയ നാശനഷ്ടങ്ങൾ വരുത്തി വെക്കുകയായിരുന്നു.

Tags:    

Similar News